യോഗിയുടെ തട്ടകത്തിൽബിജെപി തകർന്നടിയും; യുപി മഹാസഖ്യം തൂത്തുവാരുമെന്ന് എബിപി ന്യൂസ്, എ സി നീൽസൺ എക്സിറ്റ് പോൾ ഫലം

single-img
19 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ മഹാസഖ്യം വൻ നേട്ടമുണ്ടാക്കുമെന്ന് എബിപി ന്യൂസ് നീൽസൺ എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നു. സംസ്ഥാനത്തിൽ എസ്‍പി, ബിഎസ്‍പി, ആർഎൽഡി സഖ്യം ആകെയുള്ള 80 സീറ്റുകളിൽ 56 ഉം നേടുമെന്നാണ് പ്രവചനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തട്ടകത്തിൽ ഇത്തവണ ബിജെപി തകർന്നടിയുമെന്നാണ് സർവേ പ്രവചിക്കുന്നത്. 22 സീറ്റുകൾ മാത്രമേ ബിജെപി ഇവിടെ നേടുകയുള്ളൂ.

കഴിഞ്ഞതെരഞ്ഞെടുപ്പിൽ 71 സീറ്റുകളാണ് ബിജെപി നേടിയത്. അപ്പോൾ അപ്നാ ദളിന് 2 സീറ്റുകളും സമാജ്‍വാദി പാർട്ടിക്ക് 5 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. കോൺഗ്രസാകട്ടെ കഴിഞ്ഞ തവണ രണ്ട് സീറ്റ് നേടിയപ്പോൾ ബിഎസ്‍പിക്ക് കഴിഞ്ഞ തവണ സീറ്റുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിൽ എസ്‍പിയും ബിഎസ്‍പിയും ആർഎൽഡിയും ബിജെപിക്കെതിരെ അതിശക്തമായ മത്സരമാണ് പുറത്തെടുത്തത്.

രാഹുൽ ഗാന്ധി മത്സരിച്ച അമേഠിയിലും സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും മഹാസഖ്യത്തിന് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മുലായം സിംഗ് യാദവ്, ഡിംപിൾ യാദവ്, ബിജെപി നേതാക്കളായ മനേക ഗാന്ധി, വരുൺ ഗാന്ധി റീത്ത ബഹുഗുണ ജോഷി തുടങ്ങിയ ഒട്ടേറെ നേതാക്കളുടെ രാഷ്ട്രീയ ഭാവിയിൽ തന്നെ നിർണ്ണായകമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം.