മാവോവാദി നേതാവ് രൂപേഷിന്റെ മകള്‍ക്ക് പോലീസ് കാവലില്‍ വിവാഹം

single-img
19 May 2019

മാവോയിസ്റ്റ് ദമ്പതികളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി വിവാഹിതയായി. പശ്ചിമ ബംഗാള്‍ സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ ഒര്‍കോദീപാണ് വരന്‍. രൂപേഷിന്റെയും ഷൈനയുടെയും വീടായ വലപ്പാട് വച്ചായിരുന്നു വിവാഹം.

ഒരു ദിവസത്തെ പരോളിലിറങ്ങിയാണ് രൂപേഷ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. ഷൈന ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിനിടെ ഉണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 19 പേരാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

സിപിഐ നേതാവ് ബിനോയ് വിശ്വമടക്കമുള്ള നേതാക്കള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. സബ് രജിസ്ട്രാര്‍ വീട്ടിലെത്തിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്.

വിയ്യൂര്‍ ജയിലില്‍ക്കഴിയുന്ന രൂപേഷിനെ ശക്തമായ സുരക്ഷയിലാണ് പോലീസ് വിവാഹത്തിനെത്തിച്ചത്. ചാലക്കുടി ഡിവൈ.എസ്.പി. കെ. ലാല്‍ജിയുടെ നേതൃത്വത്തിലാണ് പോലീസ് സുരക്ഷയൊരുക്കിയത്. മറ്റാരേയും പോലീസ് വീട്ടിലേക്ക് കടത്തിവിട്ടില്ല.

ഓര്‍ക്കോദീപിന്റെ അമ്മ, അച്ഛന്‍, രണ്ടു സുഹൃത്തുക്കള്‍ എന്നിവരാണ് വരന്റെ ഭാഗത്തുനിന്നുണ്ടായിരുന്നത്. ഇന്ന് വാടാനപ്പള്ളിയില്‍ സുഹൃത്തുക്കളുടെ ഒത്തുചേരല്‍ നടക്കും. തിങ്കളാഴ്ച ആമിയും ഓര്‍ക്കോദീപും ബംഗാളിലേക്ക് മടങ്ങും.