കാസർകോട്ടെ റീപോളിംഗിൽ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് കളക്ടർ; ഇതിനായി വനിതാ ജീവനക്കാരിയെ നിയോഗിച്ചു

single-img
18 May 2019

കള്ളവോട്ട് നടന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചതിനെ തുടർന്ന് നാളെ റീപോളിംഗ് നടക്കാനിരിക്കുന്ന ബൂത്തുകളിൽ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കാസർകോട് ജില്ലാ കളക്ടർ അറിയിച്ചു. കള്ളവോട്ട് നടന്നു എന്ന് കണ്ടെത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ്യൂര്‍ – ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജിയുപി സ്‌കൂളില്‍ മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയുന്നതിനായി ഒരു വനിതാ ജീവനക്കാരിയെ നിയോഗിച്ചെന്ന് കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ, കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂവെന്നും കളക്ടർ വ്യക്തമാക്കി.

വോട്ടർമാരുടെ വോട്ടര്‍ പട്ടികയിലുള്ള പേരും തിരിച്ചറിയല്‍ രേഖയിലെ പേരും ഒരേ പോലെ ആയിരിക്കണം. വിത്യാസമുണ്ടായാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ല. പോളിങ് ബൂത്തിന്റെ വെളിയില്‍ നില്‍ക്കുന്ന ബിഎല്‍ഒ-യില്‍ നിന്ന് വോട്ടര്‍ സ്ലിപ്പ് കൈപ്പറ്റി മാത്രമേ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കാവൂ എന്നും കളക്ടർ അറിയിച്ചു. വോട്ട് ചെയ്ത ശേഷം ഇടതുകയ്യിൽ നടുവിരലിലാകും മഷി പതിപ്പിക്കുക. ചൂണ്ടുവിരലിൽ മഷി നേരത്തേ പതിപ്പിച്ചതിനാലാണിത്.

വോട്ടു ചെയ്യാനായി പർദ്ദയിട്ടു മുഖം മറച്ച് വന്നവർ യുഡിഎഫിന് വേണ്ടി കള്ളവോട്ട് ചെയ്തെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ പ്രസ്താവന വിവാദത്തിന് വഴി തെളിച്ചിരുന്നു. ഇതിനെ തുടർന്നാണ് കമ്മീഷന്റെ നടപടി.