ആറ് വയസുള്ള മകന്‍ മൊഴി നല്‍കി; വട്ടപ്പാറ വിനോദ് കൊലപാതക കേസില്‍ ഭാര്യയുടെ കാമുകൻ മനോജ് പിടിയിൽ

single-img
18 May 2019

വട്ടപ്പാറ വിനോദ് കൊലക്കേസിൽ ഭാര്യയുടെ കാമുകൻ മനോജ് പിടിയിൽ. രണ്ടു ദിവസം മുമ്പാണ് വട്ടപ്പാറ കല്ലയം സ്വദേശി വിനോദിനെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ വീടിന് സമീപം കണ്ടെത്തിയത്. പ്രതിയെക്കുറിച്ചുള്ള സംശയങ്ങള്‍ വിനോദിന്‍റെ ബന്ധുക്കള്‍ പൊലീസിനോട് അന്നു തന്നെ പറഞ്ഞിരുന്നു.

പക്ഷെ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായ ഭാര്യയെ വിശദമായി ചോദ്യം ചെയ്യാനോ കുട്ടിയുടെ മൊഴിയെടുക്കാനോ ബന്ധുക്കള്‍ നൽകിയ സൂചന പിന്തുടരാനോ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. വിനോദിന്‍റെ ആറ് വയസ്സുള്ള മകന്‍റെ രഹസ്യമൊഴി ഇന്നലെയാണ് രേഖപ്പെടുത്തിയത്.

കുടുംബവഴക്കിനിടെ ഭര്‍ത്താവ് കഴുത്തില്‍ സ്വയം കുത്തുകയായിരുന്നുവെന്നാണ് വിനോദിന്റെ ഭാര്യ നല്‍കിയ മൊഴി. സംഭവത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ചോദ്യം ചെയ്യലില്‍ വിനോദിന്റെ ഭാര്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു.

ഇതോടെ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയും ചെയ്തു. എന്നാല്‍ വിനോദിന്റെ പിതാവ് സംസ്ഥാന പൊലീസ് മേധാവിക്ക് മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് വിനോദിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

വിനോദ് വീട്ടിലേക്ക് വരുമ്പോള്‍ മനോജ് എന്നയാള്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ആറ് വയസുള്ള മകന്‍ മൊഴി നല്‍കി. വിനോദ് ഇത് ചോദ്യം ചെയ്തെന്നും പിന്നീട് മനോജ് കത്തിയെടുത്ത് വിനോദിനെ കുത്തിയെന്നുമാണ് ആറ് വയസ്സുള്ള മകന്‍റെ രഹസ്യമൊഴി.

അതേസമയം വട്ടപ്പാറ സ്വദേശിയായ സുശീലയുടെ കൊലപാതകത്തിലും വിനോദിന്‍റെ കൊലപാതകത്തിലും പ്രതിയെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. ഒരു മാസം മുമ്പാണ് വട്ടപ്പാറ സുശീലയുടെ അഴുകിയ മൃതദേഹം വീട്ടീനുള്ളിൽ കണ്ടെത്തിയത്. സുശീലയുടെ ആഭരണങ്ങളും വീട്ടിനുള്ളിലെ പണവും മോഷ്ടിക്കപ്പെട്ടിരുന്നു. ഫോണ്‍ വിശദാംശങ്ങള്‍ അടിസ്ഥാനത്തിൽ ഷാഡോ പൊലീസ് മുംബൈയിൽ നിന്നും സംശയമുള്ള ഒരാളെ പിടിച്ചു. 

ആദ്യം കുറ്റം സമ്മതിച്ച പ്രതിയെ തെളിവുകളില്ലെന്ന് പറഞ്ഞ് വിട്ടയച്ചു. നഗരത്തിലെ ചില പൊലീസുകാർക്ക് മയക്കുമയരുന്ന സംഘങ്ങളുടെ വിവരങ്ങള്‍ നൽകുന്ന ഒരാളെയാണ് കസ്റ്റഡയിലെടുത്തിരുന്നത്. പക്ഷെ, ഇയാളെ വിട്ടയച്ചശേഷം അന്വേഷണം കാര്യമായി മുന്നോട്ടു നീങ്ങിയില്ല. മൃതദേഹം കിടന്ന വീട്ടിൽ നിന്നും കൃത്യമായ ശാത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചില്ലെന്ന ആക്ഷേപമുണ്ടായിരുന്നു.