കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച 65കാരൻ കൊല്ലപ്പെട്ടു; ബെഗുസരായില്‍ പ്രതിഷേധം പടരുന്നു

single-img
18 May 2019

ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥികളിൽ പ്രധാനിയുമായ കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച 65കാരൻ കൊല്ലപ്പെട്ടു. ബീഹാറിലെ ബെഗുസരായി ജില്ലയിലാണ് സംഭവം. അജ്ഞാതരായ ഒരു സംഘം ആളുകൾ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ ശേഷം മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, കൊലപാതകത്തിന് പിന്നിൽ ബെഗുസരായിയിലെ ജന്മികളാണെന്ന് ബഛ്‍വാരയിലെ മുൻ എംഎൽഎയും സിപിഐ നേതാവുമായ അവധീഷ് റായ് ആരോപിച്ചു.

ഗ്രാമത്തിലെ കർഷകനായ ഫാഗോ താന്തി കനയ്യയ്ക്ക് വേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിൽ സ്ഥലത്തെ ജന്മിമാർക്ക് കടുത്ത അമർഷമുണ്ടായിരുന്നു. ഇതിന്‍റെ പ്രതികാരമായി ഫാഗോ താന്തിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും അവധീഷ് റായ് ആരോപിച്ചു

വെള്ളിയാഴ്ച പുലർച്ചെ ബെഗുസരായിയിൽ റോഡരികിൽ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ബെഗുസരായിയിലെ മതിഹൻതി പോലീസ് സ്റ്റേഷൻ പരിധിയിലെ മഹാഗി ഗ്രാമവാസിയായ ഫാഗോ താംതി(65) ആണ് കൊല്ലപ്പെട്ടത്. കണ്ടെത്തുമ്പോൾ മൃതശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് അധികം വൈകാതെ തന്നെ സിപിഐ നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നെങ്കിലും പോലീസ് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും സിപിഐ നേതാക്കൾ ആരോപിച്ചു.

മതിഹൻതി ഉൾപ്പെടുന്ന മേഖലയിൽ കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിച്ചത് ഫാഗോ താംതിയാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയ കൊലപാതകമാകാം ഇതെന്ന സംശയം ഉയർന്നിട്ടുണ്ട്. ഫാഗോയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൊലപാതകികളായ പ്രതികളെ പോലീസ് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്നുവെന്ന് ആരോപിച്ച് സിപിഐ പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.