National

സ്വിസ് കള്ളപ്പണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് മോദി സര്‍ക്കാര്‍

സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നു ലഭിച്ച കള്ളപ്പണ നിക്ഷേപത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രഹസ്യസ്വഭാവം പാലിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രധനമന്ത്രാലയം വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശനിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷ തള്ളുകയായിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് ഇന്ത്യക്ക് ലഭിച്ചിട്ടുള്ള വിവരങ്ങള്‍ രഹസ്യസ്വഭാവം നിലനിര്‍ത്തണമെന്ന വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ കള്ളപ്പണനിക്ഷേപമുള്ള ഇന്ത്യക്കാരുടെയും കമ്പനികളുടെയും വിശദാംശങ്ങള്‍, അവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പിടിഐ വിവരാവകാശ അപേക്ഷയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.

ഇന്ത്യയും സ്വിറ്റ്‌സര്‍ലാഡും കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറിയെന്നും കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലാഡില്‍ നിന്ന് ലഭിച്ച കള്ളപ്പണക്കേസുകളും ഒപ്പം വ്യക്തികളുടെയും കമ്പനികളുടെ വിവരങ്ങളുമാണ് അപേക്ഷയില്‍ ചോദിച്ചത്.

ഒപ്പം കള്ളപ്പണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചു. 2017 ഡിസംബറില്‍ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണത്തിന്റെ വിവരങ്ങളും വിവരാവകാശ അപേക്ഷയില്‍ ചോദിച്ചിരുന്നു.

അത് പ്രകാരം ഫ്രാന്‍സില്‍ നിന്ന് നടപടിയെടുക്കേണ്ട 427 എച്ച് എസ് ബി സി ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടുന്ന വിവരങ്ങളാണ് ലഭിച്ചത്. 8,465 കോടി രൂപയാണ് അനധികൃതമായി നിക്ഷേപിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇത് കൂടാതെ 162 കേസുകളിലായി 1,291 കോടി രൂപ പിഴയായി ഈടാക്കിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.