മട്ടന്‍, ചിക്കന്‍, ബീഫ്, കുഴിമന്തി, ജോണിവാക്കര്‍; തെരഞ്ഞെടുപ്പ് പ്രവചനം നടത്തി വാര്‍ത്താതാരമാകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വമ്പന്‍ സല്‍ക്കാരത്തിനൊരുങ്ങിയ ജ്യോതിഷി ‘പുലിവാലുപിടിച്ചു’

single-img
18 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവചനം നടത്തി വാര്‍ത്താ താരമാകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യം ഉള്‍പ്പെടുത്തി പാര്‍ട്ടി നടത്താനുള്ള ജ്യോതിഷി എന്ന് അവകാശപ്പെടുന്ന സജീവന്‍ സ്വാമിയുടെ ശ്രമം തടഞ്ഞ് എക്‌സൈസ്. ഈ മാസം 20 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍വെച്ച് പ്രവചനം നടത്താനായിരുന്നു ഇരിഞ്ഞാലക്കുട സ്വദേശിയായ സജീവന്‍ എന്ന ജ്യോതിഷി തീരുമാനിച്ചത്.

അന്നേ ദിവസം വൈകീട്ട് ഹോട്ടല്‍ പങ്കജില്‍വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി മദ്യം ഉള്‍പ്പെടുത്തി പാര്‍ട്ടി നടത്താനായിരുന്നു തീരുമാനം. മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി വമ്പന്‍ സല്‍ക്കാരമായിരുന്നു ജ്യോതിഷി തീരുമാനിച്ചിരുന്നത്. മട്ടന്‍ ഫ്രൈ, ചിക്കന്‍ ഫ്രൈ, ബീഫ് ഫ്രൈ, ചിക്കന്‍, മട്ടണ്‍, ബീഫ് ബിരിയാണി, ചിക്കന്‍ കുഴിമന്തി ഉള്‍പ്പെടെ ഫുഡ് മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ കൂടെ ജോണിവാക്കറും ബിയറും ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ എക്‌സൈസ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വിവരം ആരാഞ്ഞ് എക്‌സൈസ് സജീവനെ വിളിക്കുകയും പുറത്തു നിന്നുള്ള മദ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തൊട്ടുപിന്നാലെ സല്‍ക്കാരം നടത്താന്‍ ഉദ്ദേശിച്ചിരുന്ന പങ്കജ് ഹോട്ടലിലേക്ക് വിളിച്ച് മദ്യം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായി സജീവന്‍ പറഞ്ഞു.