National

ബാലാകോട്ടിലെ വ്യോമാക്രമണം വിശ്വസിക്കാമോ എന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് ചോദ്യങ്ങളുന്നയിക്കുന്നതിനിടെ ഈ വിഷയം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍

പാകിസ്ഥാനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. ഫെബ്രുവരി 26ന് നിയന്ത്രണ രേഖ കടന്ന് ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നാലാക്രമണത്തിന്റെ വിവരങ്ങളാണ് പാഠഭാഗത്ത് ഉള്‍പ്പെടുത്തിയത്. ഒമ്പതാംതരം പാഠപുസ്തകത്തില്‍ ‘ദേശീയ സുരക്ഷയും പരമ്പരാഗത ധീരത’യും എന്ന പേരിലാണ് പുതിയ അധ്യായം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബലാകോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണം വിശ്വസിക്കാമോ എന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യങ്ങളുന്നയിക്കുന്നതിനിടെയാണ് അതേ പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനില്‍ ഈ വിഷയം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. അതിനിടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് സേനയുടെ പിടിയിലാകുകയും ചെയ്തു. അഭിനന്ദന്റെ ധീരതയേക്കുറിച്ചു മാത്രമല്ല, ബി.ജെ.പി മന്ത്രിസഭയിലെ മന്ത്രിയും ജയ്പുരില്‍ നിന്നുള്ള സ്ഥാനാര്‍ഥിയുമായ രാജ്യവര്‍ധന്‍ സിങ് രാഥോരിനേക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദൊതസ്ര വിശദീകരണവുമായി രംഗത്തെത്തി. തങ്ങള്‍ വിദ്യാഭ്യാസത്തില്‍ ഒരിക്കലും രാഷ്ട്രീയം കലര്‍ത്തില്ലെന്ന് ദൊതസ്ര പ്രതികരിച്ചു. വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം ലഭിക്കുന്നതിനാണ് വീരയോദ്ധാക്കളുടെ കഥകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത്. ഈ ഇരുപത്തിയൊന്നും നൂറ്റാണ്ടില്‍ ബഹിരാകാശ സഞ്ചാരി കല്‍പന ചൗള, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങിവരുടെ ജീവിതകഥകളും വിദ്യാര്‍ഥികള്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യമാര്‍ ചാടിമരിക്കുന്ന ‘സതി’ എന്ന ദുരാചാരം പ്രതിനിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം രാജസ്ഥാന്‍ സര്‍ക്കാര്‍ പാഠപുസ്തകത്തില്‍നിന്ന് നീക്കം ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച റിവിഷന്‍ കമ്മിറ്റിയാണ് പാഠപുസ്തകത്തിന്റെ പുറംചട്ടയില്‍നിന്ന് ചിത്രം ഒഴിവാക്കിയത്. കഴിഞ്ഞ ബിജെപി സര്‍ക്കാരാണ് പാഠപുസ്തകത്തില്‍ സതിയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.