ഓട്ടോമാറ്റിക്‌ പോലീസ്‌ സ്റ്റേഷൻ പ്രവര്‍ത്തനം പഠിക്കാനായി ദുബായി യാത്ര; ഡിജിപി ബെഹ്റയുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചു

single-img
18 May 2019

കേരളാ ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രയ്ക്കുള്ള അനുമതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. സംസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന്‌ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ദുബായിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഓട്ടോമാറ്റിക്‌ പോലീസ്‌ സ്റ്റേഷന്‍റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന്‌ ദിവസത്തെ യാത്രയ്‌ക്കാണ്‌ ഡിജിപി അനുമതി തേടിയത്‌.

യാത്രയ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ അനുമതി തേടുകയായിരുന്നു. കള്ളവോട്ട് നടന്നതിനെ തുടർന്ന് നാളെ കണ്ണൂര്‍, കാസര്‍കോട്‌ മണ്ഡലങ്ങളില്‍ റീപോളിംഗ്‌ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ യാത്ര ഒഴിവാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. കൂടാതെ ഈ മാസം 23ന്‌ ഫലപ്രഖ്യാപനം വരാനിരിക്കുകയാണ്‌ എന്നതും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.