Kerala

പി.സി. ജോര്‍ജിന് ‘പണികൊടുത്ത്’ ബിജെപി

കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലം എന്‍ഡിഎ അവലോകന യോഗത്തില്‍ പി.സി.ജോര്‍ജിനെതിരെ പാലായില്‍ നിന്നുള്ള നേതാക്കന്മാര്‍ രംഗത്ത്. പി.സി.ജോര്‍ജിന്റെ പാലാ സീറ്റ് അവകാശവാദത്തെ എതിര്‍ത്താണ് നേതാക്കള്‍ രംഗത്തെത്തിയത്.

മക്കള്‍ രാഷ്ട്രീയത്തെ പരസ്യമായി എതിര്‍ക്കുന്ന നയം സ്വീകരിച്ചിട്ടുള്ള ബിജെപിക്കു പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം എങ്ങനെ അംഗീകരിക്കാനാകും എന്നാണു നേതാക്കന്മാരുടെ ചോദ്യം.

യോഗം ഉദ്ഘാടനം ചെയ്തു പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് മക്കള്‍ രാഷ്ട്രീയത്തിന് എതിരെ സംസാരിച്ചതു ചൂണ്ടിക്കാട്ടിയാണു പി.സി.ജോര്‍ജിന്റെ പാലാ സീറ്റ് അവകാശവാദത്തെ നേതാക്കള്‍ എതിര്‍ത്തത്.

പാലാ സീറ്റ് എന്‍ഡിഎയില്‍ ആവശ്യപ്പെടുമെന്നാണു പി.സി.ജോര്‍ജ് പറയുന്നതെങ്കിലും സീറ്റ് ലഭിച്ച പോലെയാണു മണ്ഡലത്തിലെ പ്രവര്‍ത്തനമെന്നും വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ 24,821 വോട്ട് നേടിയതു ചൂണ്ടിക്കാട്ടി ബിജെപി തന്നെ പാലായില്‍ മത്സരിക്കണമെന്ന ആവശ്യമുയര്‍ന്നു.

35,000 പാര്‍ട്ടി വോട്ടുകള്‍ ഇപ്പോള്‍ പാലായില്‍ ഉണ്ടെന്നും ശക്തമായ ത്രികോണമത്സരം നടന്നാല്‍ 43000 വോട്ടുകള്‍ക്ക് അടുത്തു നേടുന്നവര്‍ക്കു ജയ സാധ്യതയുണ്ടെന്നും യോഗത്തില്‍ നേതാക്കള്‍ കണക്കുകള്‍ അവതരിപ്പിച്ചു വിശദീകരിച്ചു. മുന്നണിമര്യാദ അനുസരിച്ചു സീറ്റ് വിട്ടുനല്‍കേണ്ടി വന്നാലും ഷോണ്‍ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കാനാകില്ലെന്നും ഇവര്‍ സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ് അടക്കമുള്ള നേതാക്കളെ അറിയിച്ചു.