Latest News

രാഹുലുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി; മോദിയും അമിത് ഷായും ഇല്ലാത്ത കേന്ദ്രസര്‍ക്കാറിനെ എ.എ.പി പിന്തുണയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി ഇതര സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് ചന്ദ്രബാബു നായിഡുവാണ്. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. രാവിലെ പത്തുമണിയോടെയാണ് രാഹുലുമായി നായിഡു കൂടിക്കാഴ്ച നടത്തിയത്.

രാഹുലിനെ സന്ദര്‍ശിച്ച നായിഡു, ഡല്‍ഹിയില്‍നിന്ന് ഉച്ചയ്ക്കു ശേഷം 2.45ന് ലഖ്‌നൗവിലേക്ക് വിമാനമാര്‍ഗം പോകും. എസ് പി നേതാവ് അഖിലേഷ് സിങ് യാദവ്, ബി എസ് പി നേതാവ് മായാവതി എന്നുവരുമായും കൂടിക്കാഴ്ച നടത്തും. ഉത്തര്‍പ്രദേശ് തലസ്ഥാനത്ത് 3.45 ഓടെയാകും ഇരുനേതാക്കളുമായി നായിഡു കൂടിക്കാഴ്ച നടത്തുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. ശേഷം ഏഴുമണിയോടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹം ആന്ധ്രയിലേക്ക് തിരിക്കും.

ടി ആര്‍ എസ് ഉള്‍പ്പെടെ ബി ജെ പി വിരുദ്ധചേരിയിലുള്ള ഏത് പാര്‍ട്ടിയും തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മഹാസഖ്യത്തില്‍ ചേരുന്നതിനെ സ്വാഗതം ചെയ്യുന്നതായി വെള്ളിയാഴ്ച നായിഡു വ്യക്തമാക്കിയിരുന്നു. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാള്‍ എന്നിവരുമായി നായിഡു വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഇല്ലാത്ത കേന്ദ്രസര്‍ക്കാറിനെ എ.എ.പി പിന്തുണയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില നിബന്ധനകളും അരവിന്ദ് കെജ്‌രിവാള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

എ.എ.പിയ്ക്ക് മതിയായ സീറ്റ് ലഭിക്കുകയാണെങ്കില്‍ ഡല്‍ഹിയ്ക്ക് പ്രത്യേക സംസ്ഥാന പദവിയെന്ന നിബന്ധനയില്‍ കേന്ദ്ര സര്‍ക്കാറിനെ പിന്തുണയ്ക്കുമെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഡല്‍ഹിയില്‍ മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

‘എന്തു സംഭവിക്കുമെന്ന് നമുക്ക് കാണാം. സത്യത്തില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുവരെ ഏഴ് സീറ്റും ആം ആദ്മിയ്ക്ക് ലഭിക്കുന്ന സാഹചര്യമായിരുന്നു. അവസാന നിമിഷം മുസ്‌ലിം വോട്ടുകള്‍ മുഴുവന്‍ കോണ്‍ഗ്രസിലേക്കു പോയി. അവസാന രാത്രി, തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പത്തെ രാത്രി. എന്താണ് സംഭവിച്ചതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. മുഴുവന്‍ മുസ്‌ലിം വോട്ടുകളും കോണ്‍ഗ്രസിലേക്കു പോയി. 12 13% വരും അത്. ‘ അദ്ദേഹം പറഞ്ഞു.