National

ഘടകകക്ഷിയെന്ന പരിഗണണന പോലും ലഭിക്കുന്നില്ല; മണിപ്പൂരിൽ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ നാഗാ പീപ്പിള്‍ ഫ്രണ്ട് പിൻവലിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് മാത്രം ബാക്കി നിൽക്കെ മണിപ്പൂരില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. മണിപ്പൂരിൽ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ നാഗാ പീപ്പിള്‍ ഫ്രണ്ട് (എന്‍.പി.എഫ്) തീരുമാനിച്ചു. ഇപ്പോൾ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിയുടെ നാല് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും.

എന്‍പിഎഫ് നേതാവ് ടിആര്‍ സെലിയാംഗ് ആണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. പാർട്ടി തങ്ങളുടെ എംഎല്‍എമാരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് എന്‍പിഎഫ് മുന്നണി വിടുന്നത്. തങ്ങൾ പറയുന്ന അഭിപ്രായങ്ങള്‍ ബിജെപി പരിഗണിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിന് ആക്ഷേപമുണ്ടായിരുന്നു. മുന്നണിയിലെ ഒരു ഘടകകക്ഷിയെന്ന പരിഗണണന പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും എന്‍പിഎഫ് നേതൃത്വം ആരോപിക്കുന്നു.

നിലവിൽ എന്‍പിഎഫ് പിന്തുണ പിന്‍വലിച്ചാലും ബിജെപി സര്‍ക്കാരിന് ഭീഷണിയില്ല. ആകെ 60 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിയ്ക്ക് 36 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഇതിൽ ബിജെപിക്ക് മാത്രം 29 എംഎല്‍എമാരുണ്ട്. മണിപ്പൂരിൽ 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്നു ജയിച്ചുവന്നത്. ഇതില്‍ എട്ട് പേര്‍ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു.