ഒരു മണിക്കൂര്‍ ധ്യാനം എന്ന തീരുമാനം മാറ്റി മോദി; കൂടെയെത്തിയ ക്യാമറാകണ്ണുകളെയെല്ലാം മടക്കി അയച്ചു

single-img
18 May 2019

സ്വന്തം മണ്ഡലമായ വാരണാസിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥില്‍ ധ്യാനത്തില്‍. ശനിയാഴ്ച രാവിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് മോദി ധ്യാനത്തിനായി പോയത്. ഉത്തരാഖണ്ഡിലെ രുദ്രാ ഗുഹയിലാണ് മോദിയുടെ ഏകാന്ത ധ്യാനം.

നേരത്തെ ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു അറിയിപ്പ്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കൂടെയെത്തിയ ക്യാമറാകണ്ണുകളെയെല്ലാം മടക്കി അയച്ച പ്രധാനമന്ത്രി നാളെ രാവിലെ വരെ രുദ്രാ ഗുഹയില്‍ ഏകാന്ത ധ്യാനം നടത്തുമെന്നാണ് അറിയിച്ചിട്ടുളളത്.

സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. പരിസരം മുഴുവന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോദിയുടെ ഏകാന്ത ധ്യാനം കഴിയുന്നതുവരെ പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും.

പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്. നേരത്തെ അരമണിക്കൂറോളം മോദി ക്ഷേത്രത്തില്‍ ചെലവഴിച്ചിരുന്നു. ക്ഷേത്രം വലം വയ്ക്കുകയും ചെയ്തു.