National

‘മൗനി എന്ന് കളിയാക്കി; പക്ഷെ മാധ്യമങ്ങളെ കാണാൻ താൻ ഭയപ്പെട്ടിരുന്നില്ല’: മോദിക്കെതിരെ ഒളിയമ്പുമായി മൻമോഹൻ സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തിന് നിരവധി വിമര്‍ശനങ്ങളാണ് നേരിടുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്ന മോദിയെ പരിഹസിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. തന്നെ മോദി മൗനിയായ പ്രധാനമന്ത്രിയെന്ന് കളിയാക്കിയിരുന്നു. പക്ഷേ മാധ്യമങ്ങളെ നേരിടുന്നതില്‍ താന്‍ ഒരിക്കലും ഭയം കാണിച്ചിട്ടില്ലെന്നാണ് മന്‍മോഹന്‍ സിങ് വ്യക്തമാക്കുന്നത്.

‘പലരും ഞാൻ മൗനിയായ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാനൊരിക്കലും മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിൽ വിമുഖത കാണിച്ചിട്ടില്ല. ഞാൻ മാധ്യമങ്ങളെ പതിവായി കണ്ടിരുന്നു. എല്ലാ വിദേശ യാത്രകൾക്ക് ശേഷവും വാർത്താസമ്മേളനം വിളിക്കുകയും ചെയതിരുന്നു’. മൻമോഹൻ സിങ് പറയുന്നു.

പ്രധാനമന്ത്രിയായ ശേഷം ഒരിക്കൽ പോലും വാർത്താ സമ്മേളനം വിളിച്ചിട്ടില്ലെന്ന കടുത്ത വിമർശനത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമപ്രവർത്തകർക്ക് മുന്നിലെത്തിയത്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ വാർത്താ സമ്മേളനം എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നാടകീയമായിട്ടായിരുന്നു മോദിയുടെ രംഗ പ്രവേശം.

എന്നാൽ അക്ഷരാർത്ഥത്തിൽ അത് അമിത്ഷായുടെ വാർത്താ സമ്മേളനം തന്നെയായിരുന്നു. മാധ്യമപ്രവർത്തകുടെ മിക്ക ചോദ്യങ്ങൾക്കും പ്രധാനമന്ത്രിക്ക് മറുപടിയുണ്ടായിരുന്നില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയത് അമിത് ഷായായിരുന്നു.

രാജ്യം ഉറ്റുനോക്കിയ റഫാൽ അഴിമതി അടക്കമുള്ള വിഷയങ്ങളിൽ മറുപടി നൽകാൻ പ്രധാനമന്ത്രി തയ്യാറായില്ല. എന്നാൽ തുടർച്ചയായി രണ്ടാം തവണയും എൻഡിഎ കേവഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസം മോദി പ്രകടിപ്പിച്ചു. മോദിയോടുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് അച്ചടക്കമുള്ള പ്രവർത്തകനാണെന്നും മറുപടി അധ്യക്ഷൻ നൽകുമെന്നും മറുപടി നൽകി മോദി ഒഴിഞ്ഞുമാറി.