എംജി ശ്രീകുമാറിനെതിരെ കേസെടുക്കേണ്ടെന്ന് വിജിലന്‍സ്

single-img
18 May 2019

ഗായകന്‍ എംജി ശ്രീകുമാറിനെതിരായ അനധികൃത കെട്ടിട നിര്‍മ്മാണക്കേസില്‍ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. ഇത് ഉദ്യോഗസ്ഥതലത്തിലുള്ള ക്രമക്കേട് മാത്രമാണെന്നും വിജിലന്‍സ് അന്വേഷണം വേണ്ടെന്നുമാണ് വിജിലന്‍സ് ഡയറക്ടറേറ്റില്‍ നിന്നുള്ള ശുപാര്‍ശ. കേസിലെ പത്താം പ്രതിയായി പരാതിക്കാരന്‍ ആരോപിച്ചിരിക്കുന്നവരില്‍ ഒരാളാണ് ശ്രീകുമാര്‍.

ഉദ്യോഗസ്ഥതല അഴിമതികള്‍ അന്വേഷിക്കാനുള്ള തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്ന ശുപാര്‍ശ അംഗീകരിച്ചാല്‍ കേസ് അപ്രസക്തമാകും. അങ്ങനെയാണെങ്കില്‍ ഇതിലെ പ്രതികള്‍ ഉദ്യോഗസ്ഥര്‍ മാത്രമായി ചുരുങ്ങും.

അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്ത എംജി ശ്രീകുമാറിനെതിരെ ഏതു രീതിയില്‍ ഓംബുഡ്‌സ്മാന് അന്വേഷണം നടത്താനാകും എന്ന പ്രശ്‌നവും ഇതോടൊപ്പം ഉയരും. മുളവുകാട് വില്ലേജില്‍ 11.5 സെന്റ് സ്ഥലമാണ് ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ളത്.

2010ലാണ് ഈ സ്ഥലം വാങ്ങിയത്. കായലിനോടുചേര്‍ന്ന സ്ഥലത്ത് തീരദേശ പരിപാലന ചട്ടവും പഞ്ചായത്തിരാജ് കെട്ടിട നിര്‍മാണവ്യവസ്ഥകളും ലംഘിച്ച് കെട്ടിടം നിര്‍മിച്ചു എന്നു കാണിച്ചാണ് വിജിലന്‍സില്‍ പരാതി. കെട്ടിടനിര്‍മാണത്തിന് മുളവുകാട് പഞ്ചായത്ത് അനധികൃതമായി അനുമതി നല്‍കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.