Latest News

വാരാണസിയില്‍ മോദി തോറ്റേക്കാം..; 1977 ലെ ഇന്ദിരാഗാന്ധിയുടെ റായ്ബറേലിയിലെ തോല്‍വി സൂചിപ്പിച്ച് മായാവതി

മോദിയുടെ ഗുജറാത്ത് മോഡൽ വികസനത്തെ ശക്തമായി വിമർശിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്. തിരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നുള്ള മോദിയുടെ പരാജയം വിജയത്തേക്കാൾ വലിയ ചരിത്രമാവുമെന്നും മായാവതി പറഞ്ഞു.

മോദിയുടെ ഗുജറാത്ത് മോഡൽ വികസനം ഒരുതരത്തിലും വിജയമായിരുന്നില്ല. പച്ചയായ കാപട്യമായിരുന്നു അത്. വികസനത്തിന് പകരം മോദിയും യോഗിയും ചേർന്ന ഡബിൾ എൻജിൻ ഭരണം വർഗ്ഗീയ സംഘർഷങ്ങളും വിദ്വേഷവും അക്രമവും മാത്രമാണ് രാജ്യത്തിന് നൽകിയത്, മായാവതി പറഞ്ഞു.

പൂർവ്വാഞ്ചലിലെ ജനങ്ങളെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തിരഞ്ഞടെുക്കപ്പെട്ടപ്പോൾ ഇവിടുത്തെ ജനങ്ങൾ ചതിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയുമായിരുന്നു. ഗോരഖ്പുരിന് യോഗിയെ താഴെയിറക്കാനായാൽ വാരാണസിയിൽ നിന്നുള്ള മോദിയുടെ പരാജയമായിരിക്കും വിജയത്തേക്കാൾ വലിയ ചരിത്രമാവുക. 1977ൽ റായ്ബറേലിയിൽ സംഭവിച്ചത് വാരാണസിയിൽ ആവർത്തിക്കുമോ, എന്നും മായാവതി ചോദിച്ചു.

1977ൽ റായ്ബറേലിയിൽ നിന്ന് ഇന്ദിരാഗാന്ധി ഏറ്റുവാങ്ങിയ പരാജയത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമർശം.

നോമിനേഷന്‍ നല്‍കാന്‍ വേണ്ടി മാത്രം വാരാണസിയില്‍ എത്തിയ മോദി ഇതുവരെ അവിടെ ഒരു തെരഞ്ഞെടുപ്പ് കാമ്പയിന്‍ പോലും നടത്തിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് അജയ് റായ് ആയിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദിയോട് പരാജയപ്പെട്ടത്. ഇത്തവണയും അജയ് റായ് തന്നെയാണ് മോദിയുടെ എതിരാളി. എസ്.പിയുടെ ശാലിനി യാദവാണ് ഇവിടെ മോദിക്കെതിരെ മത്സരിക്കുന്നത്.