തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷമാകുന്നു; മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് തന്റെ എതിര്‍പ്പ് പരിഗണിക്കാതെയെന്ന് ലവാസ

single-img
18 May 2019

മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷമാകുന്നു. ഭിന്നതയെ തുടര്‍ന്ന് മൂന്നംഗ കമ്മീഷന്‍ യോഗങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ വിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. മോദിക്കും അമിത് ഷാക്കും തുടര്‍ച്ചയായി ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിയോജിപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവില്‍ വന്നിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ലവാസ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

പെരുമാറ്റ ചട്ട ലംഘന പരാതികള്‍ പരിഗണിക്കുന്ന ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ അടങ്ങുന്ന മൂന്ന് അംഗ സമിതിയിലെ അംഗമാണ് ലവാസ. പ്രധാനമായും രണ്ട് പരാതികളിലാണ് അശോക് ലവാസ വിയോജിപ്പ് കാണിച്ചത്. ഒന്ന് ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തെരഞ്ഞെടുത്തതെന്ന മോദിയുടെ പരാമര്‍ശത്തിലും പുല്‍വാമയ്ക്ക് തിരിച്ചടി നല്‍കിയവര്‍ക്ക് വോട്ട് നല്‍കണമെന്ന പ്രസ്താവനയിലുമാണ് ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചത്.

കമ്മീഷന്റെ ഉത്തരവുകളില്‍ ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്താത്തിനാല്‍ യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് ലവാസ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് മെയ് നാലിന് എഴുതിയ കത്തില്‍ പറയുന്നു. തന്റെ തീരുമാനങ്ങള്‍ രേഖപ്പെടുത്താത്തതിനാല്‍ കമീഷനില്‍ തന്റെ പങ്കാളിത്തം അനാവശ്യമാണ് എന്നും ലവാസ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ജനാധിപത്യ സംവിധാനത്തിന്റെ മറ്റൊരു കറുത്ത ദിനം കൂടി എന്നുള്ളതായിരുന്നു രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ പ്രതികരണം. വീണ്ടും ജനാധിപത്യ സ്ഥാപനത്തില്‍ നിന്നുമൊരു വിയോജിപ്പിന്റെ ശബ്ദം ഉയരുന്നതെന്നും സുര്‍ജേവാല പറഞ്ഞു.