gulf

യുദ്ധത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കുവൈത്ത്

മേഖലയില്‍ യുദ്ധമുണ്ടായാല്‍ അടിയന്തരസാഹചര്യം നേരിടാന്‍ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി കുവൈത്ത്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കുവൈത്ത് പാര്‍ലമെന്റില്‍ വിളിച്ച യോഗത്തില്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനെം ആണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. മേഖലയെ ആകെ ബാധിക്കുന്ന അത്തരമൊരു സ്ഥിതിവിശേഷം മുന്നില്‍ കണ്ട് സര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏത് സാഹചര്യത്തെയും നേരിടാന്‍ സര്‍ക്കാര്‍ തയാറെടുത്തിട്ടുണ്ട്.

മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ വിശദീകരണത്തില്‍ എം.പിമാര്‍ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റ് അംഗങ്ങള്‍ ജാഗ്രതയും ഉത്തരവാദിത്തബോധവും പുലര്‍ത്തണമെന്നും മര്‍സൂഖ് അല്‍ ഗാനിം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹ് സ്ഥിതികളുമായി ബന്ധപ്പെട്ട് ഒന്നര മണിക്കൂര്‍ സംസാരിച്ചു.

മറ്റു മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ കാഴ്ചപ്പാടുകളും വിവരങ്ങളും പങ്കുവെച്ചു. മേഖലയിലെ പ്രകോപിതമായ അവസ്ഥ ആശങ്കയ്ക്ക് കാരണമാകുന്നതായും ജാഗ്രതയും കരുതലും സ്വീകരിക്കണമെന്നും കുവൈത്ത് വിദേശ സഹമന്ത്രി ഖാലിദ് അല്‍ ജറല്ല അഭിപ്രായപ്പെട്ടു.

യുഎഇ തീരത്തുവച്ച് എണ്ണക്കപ്പല്‍ അട്ടിമറിശ്രമങ്ങളും സൗദിയില്‍ എണ്ണ പമ്പിങ് നിലയങ്ങളും ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണവും യുറേനിയും സമ്പുഷ്ടീകരണം പുനരാരംഭിക്കാനുമുള്ള ഇറാന്റെ തീരുമാനവും മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലാഴ്ത്തിയിട്ടുണ്ട്.

സുരക്ഷാകാരണങ്ങളാല്‍ അമേരിക്കയും ഹോളണ്ടും അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഇറാഖില്‍നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാന്‍ തുടങ്ങി. പടക്കപ്പലുകളും വിമാന വാഹിനികളും വിന്യസിച്ച് മേഖലയില്‍ അമേരിക്ക സൈനികസാന്നിധ്യം ശക്തമാക്കി.

അതേസമയം, ഏതു സാധ്യതകളും നേരിടുന്നതിന് ഒരുക്കമാണെന്ന് ഇറാന്‍ പറഞ്ഞു. മധ്യപൗരസ്ത്യദേശത്ത് മറ്റൊരു യുദ്ധംകൂടി താങ്ങാന്‍ അമേരിക്കയ്ക്ക് കഴിയില്ല. മേഖലയിലുണ്ടാകുന്ന ഏതു സംഘര്‍ഷത്തിനും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇറാന്‍ വൃത്തങ്ങള്‍ പറഞ്ഞു.

അമേരിക്കന്‍–ഇസ്രയേലി സഖ്യത്തെ പരാജയപ്പെടുത്തുമെന്ന് ഇറാന്‍ പ്രതിരോധമന്ത്രി പറഞ്ഞു. അതിനിടെ, സൗദി അരാംകോ എണ്ണ പൈപ്പ് ലൈനുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇറാനും ഇറാന്‍ പിന്തുണയുള്ള ഹൂതിവിമതര്‍ക്കുമാണെന്ന് യുഎന്‍ രക്ഷാസമിതിക്ക് നല്‍കിയ കത്തില്‍ സൗദി കുറ്റപ്പെടുത്തി. ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍മുഅല്ലിമിയാണ് രക്ഷാസമിതിക്ക് കത്ത് കൈമാറിയത്.