എഴുന്നള്ളിപ്പിന് ഇന്ദിരയെ ‘മേക്കപ്പിട്ട്’ കേശവനാക്കി; ഘടിപ്പിച്ചത് ഫൈബര്‍ കൊമ്പ്; ഒടുവില്‍ ‘ആനമാറാട്ടത്തിന്’ ഗംഭീര ക്ലൈമാക്‌സ്

single-img
18 May 2019

പാലക്കാട് തൂതപ്പൂരത്തിന് ‘പെണ്‍കൊമ്പന്‍’ എഴുന്നള്ളി. ലക്കിടി ഇന്ദിര എന്ന പിടിയാനയ്ക്ക് ഫൈബറിന്റെ കൊമ്പ് ഘടിപ്പിച്ചായിരുന്നു ‘ആനമാറാട്ടം’. തൂതപ്പൂരത്തിന്റെ ഒരു കമ്മിറ്റിക്കു വേണ്ടിയാണ് ലക്കിടി ഇന്ദിര എന്ന ആന കൊല്ലങ്കോട് കേശവന്‍ എന്ന കൊമ്പനായി മാറിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു എഴുന്നള്ളിപ്പ്. എഴുന്നള്ളിപ്പൊക്കെ ഗംഭീരമായി നടന്നെങ്കിലും ആനയുടെ മട്ടും ഭാവവും അത്ര പന്തിയല്ലെന്ന് പലരും അഭിപ്രായപ്പെട്ടതോടെ സംഗതി പാളി. കള്ളത്തരം പുറത്താവുകയും ചെയ്തു. തൂതപ്പൂരത്തിന് പിടിയാനകളെ എഴുന്നള്ളിക്കാറില്ല.

ആനകളുടെ എണ്ണം തികയാതെ വന്നപ്പോള്‍ ഇന്ദിരയെ കേശവനാക്കാന്‍ ഒരു പൂരക്കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇങ്ങനെയുള്ള മേക്കപ്പിടലും ആനമാറാട്ടവുമൊക്കെ സിനിമയില്‍ കണ്ട് ചിരിക്കാം, പക്ഷേ ആ നമ്പരും കൊണ്ട് തൂതപ്പൂരത്തിന് വരേണ്ട എന്നാണ് ചെര്‍പ്പുളശ്ശേരിക്കാരുടെ നിലപാട്. പ്രശ്‌നം ഗുരുതരമായതോടെ ഇന്ന് ക്ഷേത്രക്കമ്മിറ്റി അടിയന്തര യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.