പബ്ജി പാർട്ണറോടൊപ്പം ജീവിക്കാൻ വിവാഹമോചനം വേണം: ഗുജറാത്തിൽ 19കാരി വിമൺ ഹെല്പ് ലൈനിനെ സമീപിച്ചു

single-img
18 May 2019

പബ്ജി ഗെയിമിലെ പാട്ണറോടൊപ്പം ജീവിക്കാൻ നിലവിലെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ
വനിത ഹെൽപ്പ് ലൈനിൽ സഹായമഭ്യർത്ഥിച്ച് 19 വയസുകാരി.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് പ്രമുഖ ഓൺലൈൻ മൾട്ടി പ്ലെയർ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാൻ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതി വനിതാ ഹെൽപ്പ് ലൈനിൽ വിളിച്ചത്. അഭയം – 181 എന്ന ഹെൽപ്പ് ലൈനിലാണ് യുവതി വിളിച്ചത്.

യുവതിയുടെ പരാതി സ്വീകരിച്ച അഭയം വനിതാ ഹെൽപ്പ് ലൈൻ യുവതിയ്ക്ക് കൌൺസിലിംഗ് നൽകുവാനായി വിദഗ്ദരുടെ ഒരു സംഘത്തെ നിയോഗിച്ചു. യുവതി പബ്ജി ഗെയിമിനോട് അമിതമായ ആസക്തിയുള്ളയാളാണെന്ന് കൌൺസിലിംഗ് സംഘം കണ്ടെത്തി. ദീർഘനേരം മൊബൈലിൽ പബ്ജി കളിക്കാൻ ചിലവഴിക്കുമെന്നും അതിനാൽ കുടുംബവുമായി യുവതി അകൽച്ചയിലാണെന്നും അവർ കണ്ടെത്തി. യുവതിയുടെ കുടുംബവുമായും സംഘം സംസാരിച്ചു.

“ദിവസേന 550 ലധികം ഫോൺ കോളുകളാണ് അഭയത്തിലെത്തുന്നത്. അതിൽ പരമാവധി കേസുകളിൽ കൗൺസിലിങ് ടീം നേരിട്ട് പോയി പരിഹരിക്കുകയാണ് പതിവ്. നിരവധി അമ്മമാർ പബ്ജി ഗെയിംനു അടിമകളായ മക്കളെകുറിച്ച് പറയാൻ വിളിക്കാറുണ്ട്. എന്നാൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു വിഷയം ഉണ്ടാകുന്നത്. ” അഭയം പ്രോജക്ട് തലവൻ നരേന്ദ്ര സിങ് ഗോഹിൽ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തോട് പറഞ്ഞു.

അഭയം ഹെൽ ലൈനിന്റെ നയപ്രകാരം കൌൺസിലർമാർ യുവതിയുടെ മേൽ തീരുമാനങ്ങളൊന്നും അടിച്ചേൽപ്പിക്കില്ലെന്നും ഗോഹിൽ കൂട്ടിച്ചേർത്തു. അവർക്ക് ആലോചിക്കാൻ സമയം വേണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ആവശ്യമെങ്കിൽ അവർ വീണ്ടും ഹെല്പ് ലൈനിൽ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.