കേരളത്തില്‍ അക്കൗണ്ട് തുറന്നില്ലെങ്കില്‍ ബി.ജെ.പി.യില്‍ പൊട്ടിത്തെറിക്കുള്ള സാധ്യതയേറി

single-img
18 May 2019

കേരളത്തിലെ ബി.ജെ.പി.യില്‍ അസംതൃപ്തരുടെ വലിയ നിരതന്നെ രൂപപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇത് പൊട്ടിത്തെറിയിലേക്ക് എത്തിയേക്കാമെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്കൗണ്ട് തുറന്നില്ലെങ്കില്‍ കടുത്ത തിരിച്ചടിയുണ്ടാവാന്‍ പോകുന്നത് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കായിരിക്കും. ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ കുറ്റാരോപണങ്ങളിലും ഗ്രൂപ്പ് ആക്രമണത്തിലും അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.

തിരഞ്ഞെടുപ്പ് ഫണ്ടിനെച്ചൊല്ലിയുള്ള മുറുമുറുപ്പ് പല മണ്ഡലങ്ങളിലും ശക്തമാണ്. ഫണ്ട് കൂടുതല്‍വന്ന ചില മണ്ഡലങ്ങളില്‍ അതിന്റെ വിനിയോഗത്തിലും തര്‍ക്കങ്ങളുണ്ട്. എ ഗ്രേഡ് അല്ലാത്ത മണ്ഡലങ്ങളില്‍ മതിയായ പണം ലഭിച്ചില്ലെന്നതാണ് പരാതി. എ ഗ്രേഡ് അല്ലാത്ത എറണാകുളം പോലുള്ള ചില മണ്ഡലങ്ങളിലേക്ക് കൂടുതല്‍ പണം വന്നെന്നും ആക്ഷേപമുണ്ട്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കടത്തിലായെന്ന പരാതിയും ചില മണ്ഡലങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. മധ്യകേരളത്തിലെ ഒരു മണ്ഡലത്തില്‍ മുപ്പതുലക്ഷം രൂപ കടം വന്നെന്നാണ് കണക്ക്. എന്നാല്‍ പണം മണ്ഡലത്തില്‍ നിന്നുതന്നെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കാനാണ് നിര്‍ദേശം

ഇതിനുപുറമെ ആര്‍.എസ്.എസ്. നിയോഗിച്ചവരുടെ പ്രവര്‍ത്തനത്തിലും നേതാക്കള്‍ക്കിടയില്‍ എതിരഭിപ്രായമുണ്ട്. അതേസമയം ഒരു സീറ്റെങ്കിലും കിട്ടിയാല്‍ വലിയ നേട്ടമെന്ന നിലയില്‍ ഇപ്പോഴത്തെ വിവാദങ്ങളെല്ലാം അതില്‍ മുങ്ങിപ്പോകും. അതുണ്ടായില്ലെങ്കില്‍ ഇപ്പോള്‍ ഉരുണ്ടുകൂടിയിട്ടുള്ള എതിര്‍പ്പുകള്‍ പലരൂപത്തില്‍ പുറത്തുവരുമെന്നും മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്ന് എന്‍ഡിഎ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന്റെ നിഗമനം. കോട്ടയം, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തും. ഇതില്‍ കോട്ടയം ജയിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നും താഴെത്തട്ടില്‍നിന്നു ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ യോഗം വിലിയിരുത്തി.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും നാല്‍പ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടാവുമെന്നാണ്, വോട്ടെടുപ്പിനു ശേഷം ആദ്യമായി ചേര്‍ന്ന എന്‍ഡിഎ നേതൃയോഗം കണക്കാക്കുന്നത്. തൃശൂരില്‍ ഭൂരിപക്ഷം മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയിലായിരിക്കും.

തിരുവനന്തപുരത്ത് അവസാന നിമിഷം ക്രോസ് വോട്ടിങ് നടന്നെന്നു സംശയിക്കുന്നുണ്ട്. എങ്കില്‍പ്പോലും കുമ്മനം രാജശേഖരന്റെ ജയം തടയാനാവില്ല. പത്തനംതിട്ടയില്‍ ന്യൂനപക്ഷ ഏകീകരണം കെ സുരേന്ദ്രന്റെ വിജയത്തിനു തടസമാവുമെന്ന ആശങ്ക യോഗം തള്ളി.

കോട്ടയം, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ വന്‍ മുന്നേറ്റമാണ് സഖ്യം കാഴ്ചവച്ചത്. ഈ സീറ്റുകളില്‍ രണ്ടാം സ്ഥാനം ഉറപ്പാണെന്നു നേതാക്കള്‍ പറഞ്ഞു. അതേസമയം കോട്ടയത്ത് രണ്ടാം സ്ഥാനമല്ല, വിജയം സുനിശ്ചിതമാണെന്ന വിലയിരുത്തലാണ് സ്ഥാനാര്‍ഥി പിസി തോമസിനുള്ളത്.

പുതുതായി സഖ്യത്തില്‍ എത്തിയ പിസി ജോര്‍ജ് എംഎല്‍എയും ഈ അഭിപ്രായം പങ്കുവച്ചു. ആറ്റങ്ങളില്‍ ശോഭ സുരേന്ദ്രന്‍ മികച്ച മുന്നേറ്റമുണ്ടാക്കി. ഇവിടെ സിപിഎമ്മില്‍ നിന്നു വന്‍തോതില്‍ വോട്ടുകള്‍ എന്‍ഡിഎയിലേക്ക് എത്തിയിട്ടുണ്ട്. ആറ്റിങ്ങലിലെ എന്‍ഡിഎ മുന്നേറ്റം ഇടതുകേന്ദ്രങ്ങളിലാണ് ഞെട്ടലുണ്ടാക്കുകയെന്ന് നേതാക്കള്‍ പറഞ്ഞു.

യുഡിഎഫ് പ്രതീക്ഷ വയ്ക്കാത്ത മണ്ഡലമാണ് പാലക്കാട്. ഇവിടെ എന്‍ഡിഎയുടെ വോട്ടു വിഹിതത്തില്‍ വന്‍ വര്‍ധനയുണ്ടാവും. സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ വിജയപ്രതീക്ഷ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും രണ്ടാം സ്ഥാനത്തില്‍ ഒതുങ്ങുമെന്നാണ് നേതൃയോഗത്തിന്റെ കണക്കുകൂട്ടല്‍.

2014നെ അപേക്ഷിച്ച് എന്‍ഡിഎയുടെ വോട്ടുവിഹിതം ഇരട്ടിയാവുമെന്ന് യോഗം വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗണനീയമായ മുന്നേറ്റം വോട്ടുവിഹിതത്തിലുണ്ടാവും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ത്രികോണ മത്സരമായിരിക്കുമെന്നും എന്‍ഡിഎ നേതാക്കള്‍ പറഞ്ഞു.