തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എതിരാളികളെ ഡ്രിബിള്‍ ചെയ്ത് ഗോളടിക്കുന്ന മെസ്സിയെ പോലെയായിരിക്കും ഇടതുപക്ഷത്തിന്റെ പെര്‍ഫോമന്‍സ്: സീതാറാം യെച്ചൂരി

single-img
17 May 2019

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി എതിരാളികളെ ഡ്രിബിള്‍ ചെയ്ത് മുന്നേറി ഗോളടിക്കുന്നത് പോലെ ഇടതുപക്ഷം അത്ഭുതം സൃഷ്ടിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു ബംഗാളി ടിവിചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തെരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന ഫലവുമായി ഇടതുപക്ഷം വരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണ്. എതിരാളികളെ ഡ്രിബിള്‍ ചെയ്ത് ഗോളടിക്കുന്ന മെസ്സിയെ പോലെയായിരിക്കും ഇടതുപക്ഷത്തിന്റെ പെര്‍ഫോമന്‍സ്’ യെച്ചൂരി പറഞ്ഞു. അതോടൊപ്പം, ബംഗാളില്‍ ഇടതുപക്ഷം ബിജെപിയെ സഹായിക്കുന്നുണ്ടെന്ന ആരോപണത്തെയും യെച്ചൂരി തള്ളിക്കളഞ്ഞു.

ദേശീയ തലത്തിൽ തൃണമൂലും ബിജെപിയും പ്രചരിപ്പിക്കുന്ന നുണയാണിതെന്നും ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണിതെന്നും യെച്ചൂരി പറഞ്ഞു.

ബംഗാളിൽ തൃണമൂലിനെതിരായി ഇടതുപക്ഷം ബിജെപിയ്ക്ക് വോട്ടുമറിയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ആരോപണം ഉന്നയിച്ചിരുന്നത്. ബംഗാളിൽ 1998ല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തൃണമൂലാണെന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു.