റോബിന്‍ ഉത്തപ്പ ഇനി കേരള ടീമില്‍

single-img
17 May 2019

റോബിന്‍ ഉത്തപ്പ അടുത്ത രഞ്ജി സീസണ്‍ മുതല്‍ കേരളത്തിന് വേണ്ടി കളിക്കും. ഇക്കാര്യത്തില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷനും, ഉത്തപ്പയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. കര്‍ണാടക സ്വദേശിയായ റോബിന്‍ ഉത്തപ്പ നിലവില്‍ സൗരാഷ്ട്രയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.

ഉത്തപ്പയെ ടീമിലെത്തിക്കാന്‍ കെ.സി.എ ശ്രമം നടത്തിയിരുന്നു. ഉത്തപ്പ രണ്ട് സീസണുകളിലായി കളിച്ച് കൊണ്ടിരിക്കുന്ന സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് എന്‍.ഒ.സി ലഭിച്ചാല്‍ ഔദ്യോഗികമായി അദ്ദേഹം കേരളാ ടീമിന്റെ ഭാഗമായേക്കും. അതേസമയം ഉത്തപ്പയുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല.

ഇതോടെ മുന്‍ സീസണുകളില്‍ കേരളത്തിന് വേണ്ടി കളിച്ച തമിഴ്‌നാട് താരം അരുണ്‍ കാര്‍ത്തിക്കിനെ ഒഴിവാക്കും. കരാര്‍ പൂര്‍ത്തിയാകുന്നതോടെ അഭ്യന്തര ക്രിക്കറ്റില്‍ ഉത്തപ്പ കളിക്കുന്ന മൂന്നാം ടീമാകും കേരളം. കര്‍ണാടകയ്ക്ക് വേണ്ടി ഉത്തപ്പ 15 വര്‍ഷത്തോളം കളിച്ചിട്ടുണ്ട്.

ദേശീയ ടീമിന് വേണ്ടി 46 ഏകദിനങ്ങളും, 13 ടി20 മത്സരങ്ങളും ഉത്തപ്പ കളിച്ചിട്ടുണ്ട്. 2007ല്‍ പ്രഥമ ടി20 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിലും ഉത്തപ്പ അംഗമായിരുന്നു. 136 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 21 സെഞ്ചുറികളടക്കം 9118 റണ്‍സാണ് സമ്പാദ്യം.

കുടക് സ്വദേശി വേണു ഉത്തപ്പയുടെയും മലയാളിയായ റോസ്‌ലിന്റെയും മകനാണ് റോബിന്‍ ഉത്തപ്പ. ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളത്തിലിറങ്ങിയ ഉത്തപ്പ 12 മത്സരങ്ങളില്‍ നിന്ന് 31.33 ശരാശരിയില്‍ 282 റണ്‍സെടുത്തിരുന്നു.