ഗര്‍ഭിണിയെ കൊന്ന് വയറ് പിളര്‍ന്ന് കുഞ്ഞിനെ എടുത്തു; അമ്മയും മകളും കാമുകനും അറസ്റ്റില്‍

single-img
17 May 2019

ഒമ്പതുമാസം ഗര്‍ഭിണിയായ കൗമാരക്കാരിയെ കൊലപ്പെടുത്തിയ ശേഷം വയറുകീറി കുഞ്ഞിനെ കൈവശപ്പെടുത്തിയ സംഭവത്തില്‍ സ്ത്രീയും മകളും അറസ്റ്റില്‍. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. മാര്‍ലെന്‍ ഒച്ചോവ ലോപെസ് എന്ന പത്തൊമ്പതുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ക്ലാരിസ ഫിഗറോവ(46), മകള്‍ ഡിസൈറീ ഫിഗറോവ(24), ക്ലാരിസയുടെ പുരുഷസുഹൃത്ത് പിയോട്ടര്‍ ബോബാക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലാരിസയ്ക്കും ഡിസൈറിക്കും മേല്‍ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം മറച്ചുവെച്ച കുറ്റമാണ് പിയോട്ടറിനു മേലുള്ളത്.

മാര്‍ലെന്‍ ഒക്കാവോ–ലോപെസിനെ 9 മാസം ഗര്‍ഭിണിയായിരിക്കെ ഏപ്രില്‍ 23നാണു കാണാതായത്. കുഞ്ഞു പിറക്കുമ്പോള്‍ ഉപയോഗിക്കുന്ന ശിശുക്ഷേമ വസ്തുക്കള്‍ ഫെയ്‌സ്ബുക് ഗ്രൂപ്പില്‍ പരിചയപ്പെട്ട ഒരാളില്‍നിന്നു വാങ്ങാനാണ് അവര്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്.

3 വയസ്സുള്ള ആദ്യത്തെ മകനെ കൊണ്ടുപോകാന്‍ ഡേ കെയറില്‍ അവര്‍ എത്തിയില്ലെന്ന സന്ദേശത്തെത്തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. തനിക്കു ഡ്രൈവ് ചെയ്യാന്‍ വയ്യാത്തത്ര ക്ഷീണമാണെന്ന എസ്എംഎസ് സന്ദേശം ഇവര്‍ ഭര്‍ത്താവിന് അയച്ചിരുന്നു. മാര്‍ലെനെ തട്ടിക്കൊണ്ടു പോയിരിക്കാമെന്ന സംശയത്തില്‍ വീട്ടുകാര്‍ പല രീതിയില്‍ അന്വേഷണം നടത്തിയിരുന്നു.

യുവതി തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ ഈ ബുധനാഴ്ചയോടെ അസ്തമിച്ചു. ഷിക്കാഗോയുടെ തെക്കുപടിഞ്ഞാറ് വശത്തുള്ള ഒരു വീടിന്റെ മാലിന്യക്കൂമ്പാരത്തില്‍നിന്നാണു മര്‍ലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വയറുകീറി കുഞ്ഞിനെ പുറത്തെടുത്തതായും ഇതോടെ വ്യക്തമായി. തുടര്‍ന്നാണു കുഞ്ഞിന് അടിയന്തര വൈദ്യസഹായം തേടിയുള്ള ഫോണ്‍ വിളിയെക്കുറിച്ചു പൊലീസിനു മനസ്സിലായത്.

സഹായം ആവശ്യപ്പെട്ട വീട്ടിലെത്തിയ വൈദ്യസംഘം പരിശോധിച്ചു കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റിയപ്പോള്‍ അമ്മ എന്ന് അവകാശപ്പെട്ടയാളും വാഹനത്തില്‍ കയറിയിരുന്നു. അതേസമയം, ഏപ്രില്‍ 23ന് വീട്ടില്‍ താമസിക്കുന്ന യുവതി നവജാതശിശുവുമായി വന്ന് വൈദ്യസഹായം തേടുന്നുണ്ടായിരുന്നുവെന്ന് അയല്‍ക്കാരന്‍ പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു.

ഇവരുടെ ഷര്‍ട്ടില്‍ നിറയെ രക്തമുണ്ടായിരുന്നുവെന്നും എന്നാല്‍ ഷോര്‍ട്‌സില്‍ രക്തം പടര്‍ന്നിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. തനിക്ക് ഇപ്പോള്‍ കുഞ്ഞുണ്ടായതേയുള്ളെന്നും അതു ശ്വസിക്കുന്നില്ലെന്നുമായിരുന്നു ആ സ്ത്രീ പറഞ്ഞത്. 23ന് വൈകുന്നേരം 6.10ന് സ്ത്രീയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റിയെന്ന് വൈദ്യസംഘം അറിയിച്ചു. പിന്നീടു നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് മാര്‍ലെന്റേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് മാര്‍ലെന്‍ ഫെയ്‌സ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. തന്റെ പ്രസവത്തിയതി അടുത്തിരിക്കുകയാണെന്നും കുഞ്ഞിന് ആവശ്യമായ പല വസ്തുക്കള്‍ തനിക്ക് വാങ്ങാന്‍ മാര്‍ഗമില്ലെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. കുഞ്ഞിന് ആവശ്യമായ വസ്തുക്കള്‍ തന്ന് സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ടുള്ളതായിരുന്നു സന്ദേശം.

ഈ സന്ദേശം കണ്ട ക്ലാരിസ കുഞ്ഞിന് ആവശ്യമായ വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കാമെന്ന് മാര്‍ലെനെ അറിയിച്ചു. മകളുടെ കുഞ്ഞിന് ധാരാളം വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവ തരാമെന്നും ക്ലാരിസ് മാര്‍ലെനെ വിശ്വസിപ്പിച്ചു. കൂടാതെ ഗ്രൂപ്പില്‍നിന്നു മാറി സ്വകാര്യമായി തനിക്ക് സന്ദേശങ്ങള്‍ അയക്കാനും ക്ലാരിസ്‌നിര്‍ദേശം നല്‍കി.

ഇപ്രകാരം ക്ലാരിസിന്റെ വിലാസം ലഭിച്ച മാര്‍ലെന്‍ അവരുടെ വീട്ടിലെത്തി. വീട്ടിലെത്തിയ മാര്‍ലെനെ ക്ലാരിസ കഴുത്തില്‍ കുരുക്കുമുറുക്കി കൊലപ്പെടുത്തുകയും ശേഷം വയറുകീറി കുഞ്ഞിനെ കൈവശപ്പെടുത്തുകയുമായിരുന്നു. ആണ്‍കുഞ്ഞായിരുന്നു മാര്‍ലെന്റെ ഉദരത്തിലുണ്ടായിരുന്നത്. കൊലപാതകത്തിന് ക്ലാരിസയെ സഹായിച്ചതായി ഡിസൈറി പോലീസിനോട് പറഞ്ഞു.

ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ സംഭാഷണത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണമാണ് കൊലപാതകികളിലേക്ക് എത്തിയത്. കൊലപാതകത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഒരു പക്ഷെ സ്വന്തം കുഞ്ഞായി വളര്‍ത്താനാകാം ക്ലാരിസ്, മാര്‍ലെനെ കൊലപ്പെടുത്തി കുഞ്ഞിനെ കൈവശപ്പെടുത്തിയതെന്ന് ഷിക്കാഗോ പോലീസ് സൂപ്രണ്ട് എഡ്ഡീ ജോണ്‍സണ്‍ വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2017ല്‍ ക്ലാരിസിന്റെ ഇരുപത്തേഴുകാരനായ മകന്‍ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചിരുന്നു. മാര്‍ലെന്റെ കുഞ്ഞിനെ അവളുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. നിലവില്‍ കുഞ്ഞ് ആശുപത്രിയിലാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. കുഞ്ഞിന്റെ തലച്ചോര്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്നും മാര്‍ലെന്റെ കുടുംബം അറിയിച്ചു.