മോദി 1980 കളില്‍ ഇന്‍ര്‍നെറ്റ് ഉപയോഗിക്കാനുള്ള യാതൊരു സാധ്യതയുമില്ല; മോദിയെ പൊളിച്ചടുക്കി ഇന്ത്യയില്‍ ഇമെയില്‍ കൊണ്ടുവന്ന ബി.കെ സിംഗാള്‍

single-img
17 May 2019

1980കളില്‍ താന്‍ അദ്വാനിയുടെ ചിത്രം ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചെടുത്ത് ഇമെയില്‍ ചെയ്‌തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്. മോദിയുടെ പ്രസ്താവനയെ ട്രോളി നിരവധി പ്രമുഖരും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തുകയും ചെയ്തിരുന്നു.

ഏറ്റവും ഒടുവില്‍ മോദിയുടെ വാദത്തെ തള്ളി ടെലികമ്മ്യൂണിക്കേഷന്‍ വിദഗ്ധനും ഇന്ത്യന്‍ ഇന്റര്‍നെറ്റും ഡാറ്റ സര്‍വീസും കൊണ്ടുവന്ന ആളുമായി അറിയപ്പെടുന്ന ബി.കെ സിംഗാളും രംഗത്തെത്തി. മോദി പറഞ്ഞത് സത്യമാകാന്‍ ഒരു സാധ്യതയുമില്ലെന്നായിരുന്നു സിംഗാളിന്റെ പ്രതികരണം.

1995 ന് മുന്‍ ഇന്ത്യയില്‍ ERNET സംവിധാനമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ തന്നെ ഇത് ചില ഗവേഷക സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു ഉപയോഗിക്കാന്‍ സാധിച്ചിരുന്നതെന്നും സിംഗാള്‍ ദ പ്രിന്റന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

1986ല്‍ താന്‍ ലണ്ടനിലുണ്ടായിരുന്ന സമയത്ത് ഇന്റര്‍നെറ്റ് സേവനങ്ങളുടെ വില വലിയ തോതില്‍ ഉയര്‍ന്നതായിരുന്നു എന്നും അത് അന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നെന്നും സിംഗാള്‍ പറഞ്ഞു. തനിക്ക് ഇന്റര്‍നെറ്റ് വഴി ആദ്യം ലഭിച്ച ഫോട്ടോ തന്റ കൊച്ചുമകന്റേതായിരുന്നെന്നും 1995 നവംബറിലായിരുന്നു അതെന്നും ബി.കെ സിംഗാള്‍ പറഞ്ഞു.

1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ജപ്പാനും ഹോങ് കോങിനും ശേഷം വാണിജ്യ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന മൂന്നാമത്തെ രാജ്യമായിയിരുന്നു ഇന്ത്യ. കോര്‍പ്പറേറ്റ് ക്ലൈന്റുകള്‍ക്ക് ചിത്രങ്ങള്‍ക്കും ടെക്സ്റ്റിനുമായി പ്രതിമാസം 25,000 രൂപയായിരുന്നു അന്ന് ഈടാക്കിയത്.

വ്യക്തികള്‍ക്ക് 15,000. ടെക്സ്റ്റ് മാത്രമാണെങ്കില്‍ വ്യക്തികള്‍ക്ക് 5000 ഇങ്ങനെയായിരുന്നു നിരക്കുകള്‍. എന്നാല്‍ ഇന്റര്‍നെറ്റിനുള്ള ഡിമാന്‍ഡ് കൂടിയതോടെ നിരക്കുകള്‍ 50 ശതമാനം കുറഞ്ഞു. ആ സമയത്ത് ഇന്റര്‍നെറ്റിന് വലിയ തോതില്‍ ആവശ്യക്കാരുണ്ടായിരുന്നെന്നും ഇത്രയും വലിയ സ്വീകാര്യത വി.എസ്.എന്‍.എല്‍ അന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സിംഗാള്‍ പറഞ്ഞു.