മോദി നടത്തിയത് ‘മന്‍ കീബാത്ത്’ ; പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പ്രധാനമന്ത്രിയുടെ പത്രസമ്മേളനം

single-img
17 May 2019

അഞ്ച് വര്‍ഷത്തെ ഭരണകാലയളവില്‍ ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ വാര്‍ത്താ സമ്മേളനത്തിൽ നാടകീയമായി പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നടത്തിയത് അദ്ദേഹത്തിന്‍റെ റേഡിയോ പ്രക്ഷേപണ പരമ്പരയായ ‘മന്‍ കീ ബാത്ത്’ ന്‍റെ കോപ്പി തന്നെ. റേഡിയോയില്‍ സംഭാഷണം നടത്തുമ്പോള്‍ ചോദ്യങ്ങള്‍ നേരിടേണ്ട എന്ന നേട്ടം ഇവിടെയും അദ്ദേഹം സ്വന്തമാക്കി. അത് പക്ഷെ പത്രപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കാതെ ഇരുന്നതിനാലല്ല എന്ന് മാത്രം. തന്‍റെ സൗകര്യാര്‍ത്ഥം നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മടങ്ങുകയായിരുന്നു.

ബിജെപി തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വാക്കുകളിൽ മാത്രം പ്രധാനമന്ത്രിയുടെ സംവാദം ഒതുങ്ങി. പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി അത്രയും പറഞ്ഞത് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ആയിരുന്നു. രാജ്യത്തെ മാധ്യമപ്രവർത്തകരോടുള്ള മോദിയുടെ അവഗണന രഹസ്യമൊന്നുമല്ല. തനിക്ക് വേണ്ടപ്പെട്ട രണ്ട് ചാനകള്‍ക്കുവേണ്ടി നന്നായി ചിട്ടപ്പെടുത്തിയ അഭിമുഖങ്ങള്‍ മാത്രമാണ് മോദി ഇതുവരെ നല്‍കിയിട്ടുള്ളത്.

ഇതിനു മുന്‍പ് ഒരിക്കല്‍ മോദി തന്നെ സ്വയം തയ്യാറാക്കിയ ഒരു അഭിമുഖത്തില്‍ ഒരിക്കല്‍ പോലും ചോദ്യകര്‍ത്താവ് കൂടുതല്‍ ഇടപെടുകയോ തുടര്‍ ചോദ്യങ്ങളുന്നയിക്കുകയോ ചെയ്‍തില്ല.

ഇന്ത്യയില്‍ മുന്‍പ് ഉണ്ടായിരുന്ന എല്ലാ പ്രധാനമന്ത്രിമാർക്കും ഒരു മാധ്യമ ഉപദേഷ്ടാവ് ഉണ്ടായിരുന്നു. എന്നാൽ മോദി അതും ഉപേക്ഷിച്ചു. മോദിക്ക് മുമ്പ്, അടൽ ബിഹാരി വാജ്പേയി ഉൾപ്പെടെയുള്ള എല്ലാ പ്രധാനമന്ത്രിമാര്‍ക്കും മാധ്യമ ഉപദേഷ്ടാക്കള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍, പ്രധാനമന്ത്രിയുടെ ഓഫീസില്‍ ആരെയാണ് വിളിക്കേണ്ടതെന്ന് മാധ്യമങ്ങള്‍ക്ക് നിശ്ചയമില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.

ഈ സാഹചര്യത്തിലും തന്‍റെ പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരെ പുകഴ്ത്തി സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നില്ല. രാജ്യത്ത് പ്രകൃതി ദുരന്തം വന്നപ്പോഴും തെരഞ്ഞെടുപ്പ് കാലത്തും മാധ്യമപ്രവര്‍ത്തകര്‍ നന്നായി പ്രവര്‍ത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വാര്‍ത്താ സമ്മേളനം ബിജെപി ആസ്ഥാനത്ത് ഉണ്ടാകുമെന്നാണ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. ഇന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബിജെപി അധ്യക്ഷന്‍റെ വാര്‍ത്താ സമ്മേളനം ഓര്‍പ്പെടുത്തുന്ന സന്ദേശമുണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാന നിമിഷം തികച്ചും നാടകീയമായാണ് മോദി വാര്‍ത്താ സമ്മേളനത്തിനെത്തിയത്.

ഇപ്പോള്‍ എങ്കിലും മോദി മാധ്യമങ്ങൾക്ക് മുന്നിൽ വന്നത് നന്നായെന്നും ചോദ്യങ്ങൾക്കെല്ലാം പ്രധാനമന്ത്രി മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പത്ര സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യം എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചെങ്കിലും പാർട്ടി പ്രസിഡന്‍റുള്ളപ്പോൾ അച്ചടക്കമുള്ള പ്രവർത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി.