ലണ്ടന്‍ ഓഹരിവിപണിയില്‍ ചരിത്രം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
17 May 2019

വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുത്തു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണപ്രകാരം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ലണ്ടന്‍ ഓഹരി വിപണിയില്‍ കിഫ്ബി ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനും തുടക്കമായി.

ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവിയും ഇതോടെ കിഫ്ബിക്ക് സ്വന്തമായി. അടുത്ത മൂന്നുകൊല്ലത്തിനകം അടിസ്ഥാനസൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ലണ്ടന്‍ ഓഹരി വിപണിയില്‍ കിഫ്ബിയുടെ ഓഹരി ലിസ്റ്റ് ചെയ്തത്.

നേരത്തെ ദേശീയപാതാ അതോറിറ്റിയും എന്‍.റ്റി.പി.സി.യും ബോണ്ടുകള്‍ പുറപ്പെടുവിച്ചപ്പോള്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ഗരി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. കിഫ്ബിക്കു മാത്രമല്ല സംസ്ഥാനത്തിനു തന്നെ നാഴികക്കല്ലാകുന്ന ഒരു വിനിമയമാണിത്. ആഗോള നിക്ഷേപക സമൂഹവുമായും ധനവിപണിയുമായും കൂടുതല്‍ സജീവമായി ഇടപെടാന്‍ കേരളം സന്നദ്ധമാണെന്നതിന്റെ പ്രതീകാത്മക വിളംബരം കൂടിയായതിനാല്‍ ഇന്നത്തെ വിപണി തുറക്കല്‍ സംസ്ഥാനത്തെ സംബന്ധിച്ച് അതീവ പ്രധാനമാണ്.

ഓഹരി വില്‍പനയ്ക്കിറക്കുന്ന ലോകമെമ്പാടുമുള്ള കക്ഷികള്‍ക്ക് വലിയൊരു വിഭാഗത്തിലേക്ക് എത്തിച്ചേരാനുള്ള വേദിയാണ് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച്. ലോകമെമ്പാടുമുള്ള വിവിധ ഭൂമേഖലകളുമായി നമുക്കുണ്ടായിരുന്ന ചരിത്രപരമായ ബന്ധം വീണ്ടും ചൈതന്യവത്താക്കാനും കേരളവികസനത്തിന്റെ അടുത്ത അദ്ധ്യായത്തിന് രൂപം നല്‍കുന്നതില്‍ അവരെ പങ്കാളികളാക്കാനുമുള്ള കേരളത്തിന്റെ ലക്ഷ്യം നേടാന്‍ ഏറ്റവും അനുയോജ്യമായ അവസരമാണ് ഇതൊരുക്കുന്നത്.

https://www.facebook.com/PinarayiVijayan/videos/674622539655932/