Latest News

നെയ്യാറ്റിന്‍കര ആത്മഹത്യ; കൂടുതല്‍ തെളിവുകള്‍ പുറത്ത്: വൈഷ്ണവിയുടെ സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വൈഷ്ണവിയുടെ സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് ചന്ദ്രനും ഭര്‍തൃമാതാവ് കൃഷ്ണമ്മയും ലേഖയെ പീഡിപ്പിച്ചിരുന്നതായി സഹോദരി ബിന്ദു ഇന്നലെ മൊഴി നല്‍കിയിരുന്നു.

അതേസമയം പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനായി നാളെ പൊലീസ് അപേക്ഷ നല്‍കും. ചന്ദ്രനും കാശിനാഥനും വേണ്ടിയാണ് കസ്റ്റഡി അപേക്ഷ പൊലീസ് സമര്‍പ്പിക്കുക. നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യം. പ്രതികള്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കു പുറമേ പുറമേ ഗാര്‍ഹികപീഡനക്കുറ്റവും ചുമത്തി.

അതിനിടെ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭര്‍ത്താവിനെയും ബന്ധുക്കളെയും കുറിച്ച് ലേഖ എഴുതിയ കുറിപ്പാണ് പൊലീസിന് ലഭിച്ചത്. ആത്മഹത്യാക്കുറിപ്പിലെ നെഞ്ചുപൊട്ടുന്ന വരികളുടെ തുടര്‍ച്ചയെന്നു തോന്നിപ്പിക്കുന്നതായിരുന്നു ഇന്നലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ലേഖയുടെ നോട്ട്ബുക്ക്. വീട്ടില്‍ നേരിട്ട വിഷമതകള്‍ അപൂര്‍ണമായ വാചകങ്ങളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. കുറച്ചു പേജുകളില്‍ മാത്രമാണ് അനുഭവങ്ങള്‍ കോറിയിട്ടിരിക്കുന്നത്, ബാക്കി പേജുകളില്‍ വീട്ടുകണക്കാണ്. ലേഖയെഴുതിയ ചില അപൂര്‍ണമായ വരികള്‍ ഇങ്ങനെ.

13ാം തീയതി 1450 രൂപ വച്ചിട്ട് ചേട്ടന്‍ പോയി. മീന്‍–50, മോള്‍ക്ക് കോളജില്‍ പോകാന്‍ ബസ് ചാര്‍ജ്–100 രൂപ, ഒരു കവര്‍ പുട്ടുപൊടി, പഴം–50. 200 രൂപ ചെലവായി. ബാക്കിയുള്ള പൈസയും ചേര്‍ത്ത് കമ്മിറ്റിയില്‍ അടയ്ക്കാന്‍ 1775 രൂപ എടുത്തു വച്ചു. 2,000 രൂപയാണ് അടയ്ക്കാന്‍ ബാക്കിയുള്ളത്. ചേട്ടന്റെ കയ്യില്‍ നിന്നു വാങ്ങി അടയ്ക്കാമെന്ന് വിചാരിച്ചപ്പോള്‍ ചേട്ടന്‍ ജോലി കഴിഞ്ഞ വന്ന് ബുക്കില്‍ വച്ചിരുന്ന പൈസ എന്ത് ചെയ്‌തെന്നു ചോദിച്ചു.

പൈസ വേണമെന്നു വഴക്കായി. തങ്കപ്പന്‍ ഫോണ്‍ വിളിച്ചു. നീ ഈ ലോകത്ത് കിടക്കുന്നവരോടൊക്കെ പൈസ വാങ്ങി എന്തു ചെയ്തു, നീ വാങ്ങിയത് ഞാന്‍ അറിഞ്ഞില്ല എന്നു പറഞ്ഞായിരുന്നു ചേട്ടന്റെ വഴക്ക്. ഞാന്‍ പറഞ്ഞു, ഞാന്‍ പൈസ വാങ്ങി ആഹാരം കഴിച്ചെന്ന്. എനിക്കു സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അമ്മയും മകനും എന്നെ കുറ്റക്കാരി ആക്കിയാണ് സംസാരം.

ഗള്‍ഫില്‍ നിന്ന് താന്‍ അയച്ച പണം എന്ത് ചെയ്തുവെന്നും ആര്‍ക്ക് കൊടുത്തുവെന്നും ചോദിച്ചു കുറ്റപ്പെടുത്തിയിരുന്നു. എല്ലാം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. ഈ കടം എങ്ങനെ വന്നു. ചേട്ടന്‍ ഒഴിഞ്ഞുമാറുന്നു. കുഴപ്പമില്ല. എനിക്ക് ഇനി ഒന്നും കേള്‍ക്കേണ്ട കാര്യമില്ല.

പക്ഷേ മോളുവിന്റെ കാര്യത്തില്‍ മാത്രമേ ദുഃഖമുള്ളു. ഈ വഴക്കു തീര്‍ന്നതിനു ശേഷം 1700 രൂപ ഞാന്‍ ബുക്കില്‍ കൊണ്ടുവച്ചു. പിറ്റേന്ന് രാവിലെ 200 രൂപ ചേട്ടന്‍ എടുത്തുകൊണ്ടുപോയി. ബന്ദ് ആയിരുന്നു. 1,500 രൂപ ബുക്കില്‍ ഇരിക്കുന്നു. അരിയും സാധനവും വാങ്ങണമെന്നു പറഞ്ഞു. കമ്മിറ്റിയില്‍ കൊടുക്കണമെന്നോ സ്‌കൂട്ടര്‍കാരനു കൊടുക്കണമെന്നോ ഇല്ല.