പ്രമുഖ മത പണ്ഡിതനും പ്രഭാഷകനുമായ ഖാലിദ് മൂസാ നദ്‌വിയെ ജമാഅത്തെ ഇസ്ലാമി പുറത്താക്കി

single-img
17 May 2019

മത പണ്ഡിതനും പ്രഭാഷകനുമായ ഖാലിദ് മൂസാ നദ്‌വിയെ ജമാഅത്തെ ഇസ്ലാമി ശൂറയില്‍നിന്ന് സസ്‌പെന്‍റ് ചെയ്തു. സംഘടനാ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്നാരോപിച്ചാണ് സസ്പെൻഷൻ. ഖാലിദ് മൂസയെ പുറത്താക്കിയതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കി ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദലിയുടെ പേരിലുള്ള ഒരു കത്ത് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  സംഘടനക്കും മാധ്യമത്തിനും ദോഷകരമാകുന്ന രീതിയില്‍ ഖാലിദ് മൂസ പ്രവര്‍ത്തിച്ചെന്നാണ് ഈ കത്തില്‍ ആരോപിക്കുന്നത്.

മാധ്യമം പത്രത്തിലെയും മീഡിയാ വണ്‍ ചാനലിലെയും സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായാണ് സസ്‌പെന്‍ഷനെന്നാണ് ജമാഅത്തെ ഇസ്‌ലാമി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജമാഅത്ത് ഇസ്ലാമിയുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം ദിനപത്രത്തിലെയും മീഡിയവണ്‍ ചാനലിലെയും പ്രതിസന്ധികള്‍ പഠിക്കാന്‍ നാല് ജില്ലാ പ്രസിഡന്‍റുമാരുള്‍പ്പെട്ട കമ്മിറ്റി രൂപവത്കരിച്ചിരുന്നു.

മാധ്യമം ദിനപത്രത്തിലെ പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്. അന്വേഷണത്തിന് ശേഷം കമ്മിറ്റി റിപ്പോര്‍ട്ട് നേതൃത്വത്തിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പുറത്തുവരരുതെന്ന് ശൂറയില്‍ നിര്‍ദേശം ഉണ്ടായിരുന്നു. അമീറിന്‍റെ നിര്‍ദേശം ലംഘിച്ച് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തറിയിച്ചു എന്ന ആരോപണം ഉന്നയിച്ചാണ് ഖാലിദ് മൂസയെ സസ്‌പെന്‍റ് ചെയ്തതെന്ന് ജനറല്‍ സെക്രട്ടറിയുടെ പേരില്‍ പുറത്തുവന്ന കത്തില്‍ പറയുന്നു.