മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവ്; പരാമർശത്തിൽ ബിജെപി നേതാവിന് സസ്പെൻഷൻ

single-img
17 May 2019

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച ബിജെപിയുടെ മധ്യപ്രദേശ് ഘടകത്തിന്‍റെ മീഡിയാ സെൽ തലവനെതിരെ അച്ചടക്ക നടപടി. മഹാത്മാഗാന്ധിയെ പാകിസ്താന്‍റെ രാഷ്ട്രപിതാവെന്ന് വിളിച്ച അനിൽ സൗമിത്രയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നെന്ന് പറഞ്ഞ ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിനെ പിന്തുണച്ചായിരുന്നു അനിൽ സൗമിത്രയുടെ പരാമർശം. ”പാകിസ്താൻ ഉണ്ടായത് തന്നെ മഹാത്മാഗാന്ധിയുടെ ആശീർവാദത്തോടെയാണ്. അതുകൊണ്ട് മഹാത്മാഗാന്ധി പാകിസ്താന്‍റെ രാഷ്ട്രപിതാവായിരിക്കാം, ഇന്ത്യയുടേതല്ല”, എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ അനിൽ സൗമിത്ര എഴുതിയത്.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അനിൽ സൗമിത്ര വേറെ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. ”ഞാൻ പറഞ്ഞത് സത്യമാണ്. ഒരു പണ്ഡിതനും ഞാൻ പറഞ്ഞത് തെറ്റാണെന്ന് പറയാനാകില്ല. എന്‍റെ പോസ്റ്റ് ഞാൻ പിൻവലിക്കില്ല”, അനിൽ സൗമിത്ര പുതിയ പോസ്റ്റിൽ എഴുതി.

ഇതോടുകൂടിയാണ് അനിൽ സൗമിത്രക്കെതിരെ ബിജെപി അച്ചടക്ക നടപടിയെടുത്തത്. ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് അനിൽ സൗമിത്രയെ ബിജെപി സസ്പെൻഡ് ചെയ്തിരിക്കുന്നത്. പക്ഷെ ഇത്തരം ഗുരുതരമായ പരാമർശം നടത്തിയ അനിൽ സൗമിത്രയെ പുറത്താക്കുന്നതുൾപ്പടെയുള്ള നടപടി ബിജെപി സ്വീകരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പ്രഗ്യാ സിംഗ് ഠാക്കൂറിനോടും അവരെ പിന്തുണച്ചവരോടും ബിജെപി അധ്യക്ഷൻ അമിത് ഷാ വിശദീകരണം തേടിയിരുന്നു. അച്ചടക്ക സമിതി പ്രശ്നം പരിശോധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.