ടി സി നൽകണമെങ്കിൽ ഒരു ലക്ഷം രൂപ; മലപ്പുറത്തെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ജില്ലാ ശിശു ക്ഷേമ സമിതി നോട്ടീസ് അയച്ചു

single-img
17 May 2019

പത്താം ക്ലാസ് പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടി സി നിഷേധിച്ച സംഭവത്തില്‍ എടക്കരയിലെ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ജില്ലാ ശിശു ക്ഷേമ സമിതി നോട്ടീസ് അയച്ചു. കുട്ടികൾക്ക് ടിസി നിഷേധിക്കാനുണ്ടായ സാഹചര്യത്തില്‍ രണ്ടാഴ്ചയ്ക്കകം സമിതിക്ക് വിശദീകരണം നല്‍കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പത്തിൽ പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നൽകുന്നതിന് ഒരു ലക്ഷത്തിലധികം രൂപയാണ് മലപ്പുറം എടക്കരയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആവശ്യപ്പെട്ടത്.

ഈ സ്‌കൂളിൽ തുടർന്ന് പഠിക്കാൻ താല്പര്യമില്ലാതെ സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന് ശ്രമിച്ച ആറ് കുട്ടികളോടാണ് മാനേജ്മെന്‍റ് പണം ആവശ്യപ്പെട്ടത്. സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്നു ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. മലപ്പുറംജില്ലയിലെ എടക്കര പാലുണ്ടയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിനെതിരെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതി ഉയര്‍ത്തിയിരിക്കുന്നത്.

ഈ അധ്യയന വർഷം 23 കുട്ടികളാണ് ഇവിടെനിന്ന് എസ്എസ്എല്‍സി പരീക്ഷ പാസായത്. ഇവരിൽ ആറ് പേരാണ് പ്ലസ് വണ്ണിലേക്ക് മറ്റ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറാൻ തീരുമാനിച്ചത്. സർക്കാരിന്റെ ഏകജാലക സംവിധാനം വഴി ഇതിനായി അപേക്ഷ കൊടുക്കുകയും ചെയ്തു. തുടർന്ന് ടിസി വാങ്ങാനായി ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലെത്തിയപ്പോഴാണ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.

പത്ത് വരെ ഈ സ്‌കൂളിൽ പഠിക്കുന്ന കുട്ടികള്‍ ഹയര്‍ സെക്കന്‍ററിയിലും ഇവിടെ തുടരണമെന്നാണ് നിബന്ധനയെന്ന് സ്കൂള്‍ മാനേജ്മെന്‍റ് പറയുന്നു. ഹയര്‍ സെക്കന്‍ററിയില്‍ കുട്ടികള്‍ കുറയുന്നത് തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് മാനേജ്മെന്‍റിന്‍റെ വാദം.