Latest News

പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു; മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ് ജവാന് പരിക്ക്

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം തലകീഴായി മറിഞ്ഞ് സി.ഐ.എസ്.എഫ് ജവാന് പരിക്കേറ്റു. പശുവിനെ ഇടിയ്ക്കാതിരിക്കാന്‍ അകമ്പടി വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിലെ ചന്ദ്രാപുര്‍ ജില്ലയിലെ വറോറയില്‍ ചന്ദ്രാപുര്‍നാഗ്പുര്‍ ദേശീയപാതയിലായിരുന്നു അപകടം.

റോഡിനു നടുവില്‍ നില്‍ക്കുകയായിരുന്ന പശുവിനെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകട കാരണം. ടയര്‍പൊട്ടിയ കാര്‍ തലകീഴായി മറിയുകയായിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിനു അകമ്പടി സേവിച്ച സി.ഐ.എസ്.എഫ് ജവാന്‍മാരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ആറ് സി.ഐ.എസ്.എഫ് ജവാന്മാരാണ് മറിഞ്ഞ വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് വാഹനങ്ങള്‍ നാഗ്പൂരിലേക്ക് പോകുകയും ചെയ്തു. മോഹന്‍ ഭാഗവത് സഞ്ചരിച്ച വാഹനം പശുവിനെ കടന്നുപോയതിനു ശേഷം പിന്നാലെയെത്തിയ വാഹനമാണ് മറിഞ്ഞത്.