ചെങ്കോട്ട കാവിയണിയുന്നു;ബംഗാളിൽ ഇടതു വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകുന്നതായി തൃണമൂൽ കോൺഗ്രസ്

single-img
16 May 2019

പശ്ചിമ ബംഗാളില്‍ ഇടതു വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്കു ചേക്കേറുന്നതായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര വിലയിരുത്തല്‍. ഇടതു വോട്ടുകളുടെ ഒഴുക്കു ബിജെപി മുന്നേറ്റത്തെ ശക്തിപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.  തൃണമൂല്‍ ഇരുപത്തിയഞ്ചു സീറ്റില്‍ താഴെ എത്തിയേക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നതായാണ് റിപ്പോര്‍ട്ടുകൾ.

ഇടതു പാര്‍ട്ടികള്‍ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റില്‍ മാത്രമേ ജയിക്കായുള്ളൂവെങ്കിലും മുപ്പതു ശതമാനം വോട്ടു നേടിയിരുന്നു. ഇതില്‍ പത്തു ശതമാനം വോട്ട് ഇക്കുറി ബിജെപിയില്‍ എത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. തൃണമൂലും ബിജെപിയും തമ്മിലാണ് ഇക്കുറി ബംഗാളില്‍ പ്രധാന മത്സരമെന്നുള്ളതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള ധാരണാനീക്കം പൊളിഞ്ഞതോടെ ബിജെപിയുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടമായ തെരഞ്ഞെടുപ്പില്‍ മുപ്പതു സീറ്റിലധികം നേടാമെന്നായിരുന്നു തൃണമൂലിന്റെ പ്രതീക്ഷ. എന്നാല്‍ സിപിഎമ്മില്‍നിന്നു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ എത്തുന്നത് ഈ പ്രതീക്ഷയ്ക്കു വിഘാതമാവുന്നതായി അവര്‍ പറയുന്നു. പത്തു ശതമാനം സിപിഎം വോട്ട് ബിജെപിയില്‍ എത്തിയാല്‍ തൃണമൂലിന്റെ സാധ്യത ഇരുപത്തിയഞ്ചു സീറ്റില്‍ കുറയുമെന്നാണ് അവരുടെ വിലയിരുത്തല്‍.