National

രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിക്കായ് ബാക്കി നില്‍ക്കുന്നത് ഏഴുദിവസം മാത്രം; ശരിയായതിനെ തെരഞ്ഞെടുക്കാന്‍ വാരാണസിയിലെ ജനങ്ങളോട് അഖിലേഷ് യാദവ്

വാരാണസി: നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് മാറ്റാനുള്ള ശരിയായ സമയമാണിതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പറഞ്ഞ, വാരാണസിയെ ക്യോട്ടോ സിറ്റി മോഡലില്‍ മാറ്റിയെടുക്കുമെന്ന വാക്ക് മോദി പാലിച്ചില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

‘മോദി പറഞ്ഞതാണ് വാരണസിയെ ക്യോട്ടോ സിറ്റി മോഡലില്‍ രൂപപ്പെടുത്തുമെന്ന്. എന്നാൽ അദ്ദേഹം വാഗ്ദാനം പാലിച്ചില്ല. പ്രധാനമന്ത്രിയെ മാറ്റണം.’അഖിലേഷ് യാദവ് പറഞ്ഞു. ജപ്പാനിലെ പ്രശസ്തമായ ഒരു നഗരമാണ് ക്യോട്ടോ.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഒരു ദിവസത്തെ പ്രചാരണം മാത്രമാണ് ബാക്കി നില്‍ക്കുന്നത്. രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിക്കായ് ഏഴുദിവസം മാത്രമാണ് ബാക്കി നില്‍ക്കുന്നത്.ശരിയായതിനെ തെരഞ്ഞെടുക്കണം എന്നാണ് വാരാണസിയിലെ ജനങ്ങളോട് പറയാനുള്ളതെന്നും അഖിലേഷ് യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ആദ്യ ആറ് ഘട്ടം പൂര്‍ത്തിയാവുമ്പോള്‍ 484 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഒരു മണ്ഡലമാണ് പ്രധാനമന്ത്രി മത്സരിക്കുന്ന വാരാണസി.