കള്ളവോട്ട്: കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളിലെ വോട്ടെടുപ്പ് കമ്മീഷന്‍ റദ്ദാക്കി; 19ന് റീ പോളിംഗ്

single-img
16 May 2019

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നു എന്ന്കണ്ടെത്തിയ കാസർകോട് മണ്ഡലത്തിലെ നാല് ബൂത്തുകളിൽ റീ പോളിങ് നടത്തും. ഈ മാസം 19ആം തിയതി രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് റീ പോളിങ്. കാസർകോട് കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്.എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും കണ്ണൂർ തളിപ്പറമ്പ് ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവിടങ്ങളിലുമാണ് റീ പോളിങ് നടത്തുന്നത്.

നാല് ബൂത്തുകളിലും കഴിഞ്ഞ മാസം 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിട്ടുണ്ട്.
ബൂത്തുകളിലെ റിട്ടേണിങ് ഓഫീസർമാരുടെ റിപ്പോർട്ടുകളും ചീഫ് ഇലക്ട്രൽ ഓഫീസറുടെയും ജനറൽ ഒബ്‌സർവറുടെയും റിപ്പോർട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951 ൽ പറയുന്ന സെക്ഷൻ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി.

ഇവിടങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങൾ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിങ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ഇതിനു പുറമെ ജനറൽ ഒബ്‌സർവർമാരെയും വിവരം ധരിപ്പിക്കും.