സാബിത്ത് വധക്കേസില്‍ സംഘപരിവാർ പ്രവർത്തകരായ മുഴുവൻ പ്രതികളെയും കോടതി വെറുതേ വിട്ടു; പ്രതികൾക്കായി വാദിച്ചത് ശ്രീധരൻപിള്ള

single-img
16 May 2019

മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടത്. വിട്ടയക്കപ്പെട്ടവർ സംഘപരിവാർ പ്രവർത്തകരാണ്.

ജെ.പി കോളനിയിലെ കെ അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ എന്‍ വൈശാഖ് (22), ജെ.പി കോളനിയിലെ 17കാരന്‍, ജെ.പി കോളനിയിലെ എസ്.കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി.കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്ബിലിലെ ധനഞ്ജയന്‍ (28), ആര്‍ വിജേഷ് (23) എന്നിവരെയാണ് വെറുതെവിട്ടത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും അഡ്വ. രവീന്ദ്രനുമാണ്  പ്രതികള്‍ക്ക് വേണ്ടി വാദിച്ചിരുന്നത്.

2013 ജൂലൈ ഏഴിന് പകല്‍ 11.30 ഓടെ അണങ്കൂര്‍ ജെ.പി കോളനി പരിസരത്താണ് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞ് നിര്‍ത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. ബൈക്കോടിച്ചത് സാബിത്തായിരുന്നു. അക്രമത്തില്‍ റഹീസിനും സാരമായി പരിക്കേറ്റിരുന്നു.

6 തവണ വിധി പറയുന്നത് മാറ്റിവെച്ച കേസില്‍ ജഡ്ജി ജശശികുമാറാണ് വിധിപറഞ്ഞത്.