`ആഹാ ഇതെപ്പോ ?? എന്തോന്നടേ’: താന്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനായി ചര്‍ച്ച നടത്തുന്നുണ്ടെന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പ്രതിഭ

single-img
16 May 2019

താന്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനായി ചര്‍ച്ച നടത്തുന്നുണ്ടെന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കായംകുളം എംഎല്‍എ പ്രതിഭ രംഗത്ത്. ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത്കൊണ്ടായിരുന്നു പ്രതിഭയുടെ പ്രതികരണം. ‘ആഹാ ഇതെപ്പോ ?? എന്തോന്നടേ’ എന്ന കുറിപ്പോടെയാണ് പ്രതിഭ രംഗത്തെത്തിയത്.

എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രതിഭ എംഎല്‍എ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ‘സി.പി.എം സൈബര്‍ ഗുണ്ടകളുടെ അക്രമത്തിന് ഇരയായ സി.പി.എം കായംകുളം എം.എല്‍.എ പ്രതിഭാ കോണ്‍ഗ്രസിലേക്ക്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. തീരുമാനം ഉടന്‍…’ എന്ന വ്യാജ പോസ്റ്റാണ് പ്രതിഭാ ഹരി ഷെയര്‍ ചെയ്തിരുന്നത്.

ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്വന്തം മണ്ഡലത്തിലെ ആശുപത്രി വികസനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി പ്രതിഭാ കമന്റ് ചെയ്ത സംഭവത്തില്‍ എം.എല്‍.എയ്ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. കെ കെ ശൈലജയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു എന്ന തരത്തിലാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്.