കൃഷ്ണമ്മയ്ക്ക് പ്രതിമാസം പെൻഷനായി ലഭിക്കുന്നത് 30,000 രൂപ: പെൻഷൻ തുക ഉപയോഗിക്കുന്നത് മന്ത്രവാദത്തിന്: ലോൺ അടച്ചു തീർക്കാൻ പ്രയാസമുള്ള കുടുംബമല്ല ചന്ദ്രൻ്റേതെന്ന് അയൽവാസികൾ

single-img
16 May 2019

നെയ്യാറ്റിൻകരയിൽ കുടുംബ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്ത അമ്മയും മകളും കുടുംബത്തിൽ അനുഭവിച്ചിരുന്നത് അതിഭയങ്കര ദുരിതമായിരുന്നുവെന്നു വെളിപ്പെടുത്തി നാട്ടുകാർ. കൃഷ്ണമ്മയ്ക്ക് മാസം 30,000 രൂപ പെൻഷനുണ്ട്, അതിൽനിന്ന് കുറച്ചു പൈസ മാറ്റിവച്ചാൽ പോലും ലോണടയ്ക്കാമായിരുന്നുവെന്നും എന്നാൽ അവർ അതിനു ശ്രമിച്ചിരുന്നില്ലെന്നും നാട്ടുകാർ പയുന്നു. ലോൺ അടയ്ക്കാൻ നിർവാഹമില്ലാത്ത കുടുംബമല്ല ഇവരുടേതെന്നാണ് നാട്ടുകാരുടെ പക്ഷം.

അന്ധവിശ്വാസം തലയ്ക്കു പിടിച്ച കുടുംബമായിരുന്നു അതെന്നും നാട്ടുകാർ പറയുന്നു. ലേഖ എതിർത്തിട്ടും തിങ്കളാഴ്ച വീട്ടിൽ മന്ത്രവാദം നടന്നുവെന്നുള്ള വെളിപ്പെടുത്തൽ നേരത്തേ സഹോദരീ ഭർത്താവ് ദേവരാജൻ നടത്തിയിരുന്നു.

പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെ മരിച്ചുപോയതാണ് കൃഷ്ണമ്മയുടെ ഭർത്താവ്. ആ പെൻഷൻ ഇവർക്കാണ് ലഭിക്കുന്നത്. എന്നാൽ കിട്ടുന്ന പണമെല്ലാം ആഭിചാര ക്രിയകൾക്ക് വിനിയോഗിക്കും. വീട്ടിൽ പ്രത്യേകമായി ആഹാരംവച്ചു കഴിക്കുകയാണ് ഇവർ ചെയ്യുന്നത്. ചെറുമകളായ വൈഷ്ണവിക്ക് പോലും ഒന്നും കൊടുത്തിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

മരണപ്പെട്ട അമ്മയും മകളും ആഹാരം കഴിക്കുന്നുണ്ടോ എന്നുപോലും ചോദിക്കുമായിരുന്നില്ല. ലോണിന്റെ പ്രശ്നമെല്ലാം പരദൈവങ്ങൾ തീർക്കുമെന്നായിരുന്നു അമ്മയുടെയും മകന്റെയും വിശ്വാസമെന്നും നാട്ടുകാർ സൂചിപ്പിക്കുന്നു.

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ കൃഷ്ണമ്മ പോര് തുടങ്ങി. വർഷങ്ങൾക്ക് മുമ്പ് ചന്ദ്രൻ ഗൾഫിലായിരുന്ന സമയത്ത് സ്വന്തം വീട്ടിൽ പോയി മടങ്ങിവരാൻ അല്പം താമസിച്ചതിന് ലേഖയെ വീട്ടിൽ കയറ്റാൻ കൃഷ്ണമ്മ തയ്യാറായില്ല. ഇക്കാര്യം അറിഞ്ഞ ചന്ദ്രൻ ഗൾഫിൽ നിന്നു പൊലീസുകാരനായ തന്റെ അമ്മാവൻ ഗോപിപിള്ളയെ ഫോണിൽ വിളിച്ചു വിഷയത്തിൽ ഇടപെടണമെന്നും ലേഖയെ വീട്ടിൽ കയറ്റാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചെന്നും അങ്ങനെയാണ് ലേഖയ്ക്ക് വീട്ടിൽ കയറാൻ കഴിഞ്ഞതെന്നും നാട്ടുകാർ വ്യക്തമാക്കി.