നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ഞെട്ടിക്കുന്ന പുതിയ വിവരങ്ങള്‍ പുറത്ത്

single-img
16 May 2019

നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ മരണത്തിന് കാരണം ഭര്‍ത്താവും വീട്ടുകാരുമാണെന്നതിന്റെ കൂടുതല്‍ തെളിവ് പുറത്ത്. വസ്തു വിറ്റ് ബാങ്ക് വായ്പ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ താന്‍ ശ്രമിച്ചുവെന്ന് മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മൊഴി നല്‍കി. വില്‍പന നടക്കാതിരിക്കാന്‍ അമ്മയുമായി ചേര്‍ന്ന് മന്ത്രവാദം നടത്തി. ആത്മഹത്യ നടന്ന ദിവസം ഉച്ചയ്ക്ക് അമ്മ ലേഖയുമായി വഴക്കിട്ടുവെന്നും ചന്ദ്രന്റെ മൊഴിയിലുണ്ട്. ‘പോയി മരിച്ചുകൂടെ’ എന്ന് അമ്മ ലേഖയോട് ചോദിച്ചതായും ചന്ദ്രന്‍ വെളിപ്പെടുത്തി.

അതേസമയം, കേസില്‍ മന്ത്രവാദിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ലേഖയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞ മന്ത്രവാദിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയും വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നുവെന്ന് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, ബാങ്ക് വായ്പ മുടങ്ങിയതും ഗാര്‍ഹിക പീഡനവുമെല്ലാം ലേഖയെയും മകള്‍ വൈഷ്ണവിയെയും മാനസികമായി അലട്ടിയിരുന്നെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. വീട് വില്‍പ്പന മുടങ്ങിയതിനാല്‍ പണം ശരിയായില്ലെന്നും, രാവിലെ ഇതേച്ചൊല്ലി വീട്ടില്‍ തര്‍ക്കം ഉണ്ടായതായും ലേഖ പറഞ്ഞതായി സഹോദരി ബിന്ദുവിന്റെ ഭര്‍ത്താവ് ദേവരാജന്‍ പറഞ്ഞു.

ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ ദിവസം ലേഖ, ‘ഞങ്ങളുടെ പ്രേതമേ ഇനി കാണൂ’ എന്ന് പറഞ്ഞതായി സമീപവാസിയായ ശാന്ത വെളിപ്പെടുത്തി. ആത്മഹത്യ ചെയ്യുമെന്ന സൂചന മകള്‍ വൈഷ്ണവിയുമായും ലേഖ പങ്കുവെച്ചിരുന്നു. ‘ചാകാന്‍ നോക്കുമ്പോള്‍ അമ്മ മാത്രം മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കാകും, ഞാന്‍ മരിച്ചാല്‍ അമ്മയും ഒറ്റയ്ക്കാകും’ എന്ന് വൈഷ്ണവി പറഞ്ഞതായും ലേഖ ശാന്തയോട് പറഞ്ഞിരുന്നു.

സ്ത്രീധനം കുറഞ്ഞുപോയതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖക്ക് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പീഡനത്തെത്തുടര്‍ന്ന് ലേഖ ആത്മഹത്യക്ക് തുനിഞ്ഞെന്നും സഹോദരി ബിന്ദു വെളിപ്പെടുത്തി. വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയിലായ ലേഖയെ ഒരു മന്ത്രവാദിയുടെ അടുത്താണെത്തിച്ചത്. ഇവിടെ നിന്ന് ലേഖയുടെ അച്ഛന്‍ ഷണ്‍മുഖനും കുടുംബവും അരുമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സിച്ച ശേഷം ഒത്തുതീര്‍പ്പിലെത്തി തിരികെ ചന്ദ്രന്റെ വീട്ടിലേക്ക് വിടുകയായിരുന്നു.

സ്ത്രീധനത്തില്‍ 50,000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത് പിന്നീട് ലേഖയുടെ കുടുംബം നല്‍കുകയും ചെയ്‌തെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ദേവരാജന്‍ പറയുന്നു. സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ചന്ദ്രന്‍ ലേഖയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം ഇതേച്ചൊല്ലി കൃഷ്ണമ്മ പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. കുറിപ്പ് എഴുതിയതിന് പുറമേ ചുമരിലും മരണത്തിന് ഉത്തരവാദി ചന്ദ്രനും കൃഷ്ണമ്മയും ശാന്തയും കാശിയുമാണെന്ന് എഴുതി വച്ചാണ് ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്.

മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് ചുമരില്‍ ഒട്ടിച്ചുവച്ച രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പിലും വിശദമാക്കുന്നുണ്ട്. ജപ്തി നടപടികളായിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ല. പകരം ജപ്തി നോട്ടീസ് വീടിനടുത്തുള്ള ആല്‍ത്തറയില്‍ കൊണ്ടു വച്ച് പൂജിക്കുകയാണ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കിയെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പ് വിശദമാക്കുന്നു. ഭാര്യ എന്ന സ്ഥാനം ഒരിക്കല്‍ പോലും നല്‍കിയില്ലെന്നും ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.