മാലിന്യ പ്രശ്നം;സെമിത്തേരിയില്‍ സംസ്കരിക്കാൻ അനുവദിക്കാതെ നാട്ടുകാര്‍; കൊല്ലത്ത് വൃദ്ധയുടെ മൃതദേഹം മൂന്ന് ദിവസമായി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍

single-img
16 May 2019

കൊല്ലം ജില്ലയിലെ പുത്തൂരില്‍ വൃദ്ധയുടെ മൃതദേഹം പള്ളിവക സെമിത്തേരിയില്‍ സംസ്കരിക്കാൻ നാട്ടുകാർ അനുവദിക്കുന്നില്ലെന്ന് പരാതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് ദിവസമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മരണപ്പെട്ട അന്നമ്മയുടെ മൃതദേഹം. ഒരു നൂറ്റാണ്ടിനടുത്തു പഴക്കമുള്ള സെമിത്തേരിയാണ് പുത്തൂര്‍ ജെറുസലേം മാര്‍ത്തോമാ പള്ളിയിലുള്ളത്.

സെമിത്തേരിയിലെ സ്ഥല സൗകര്യം കുറഞ്ഞു വരുന്നതിനാല്‍ അടുത്തുള്ള കുറച്ച് ഭൂമി കൂടി പള്ളി അധികൃതര്‍ വാങ്ങിയിരുന്നു.ഇവിടെ മൃതദേഹം സംസ്കരിക്കുമ്പോള്‍ മലിനജലം ഒഴുകി സമീപത്തെ കിണറുകളിലേക്ക് എത്തുന്നുവെന്ന് നാട്ടുകാര്‍ പരാതിയുമായെത്തി.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ശവസംസ്കാരങ്ങള്‍ ഒന്നും തന്നെ ഇവിടെ നടന്നിട്ടില്ല.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് 40 വര്‍ഷമായി ഇടവകാംഗമായ അന്നമ്മ മരിക്കുന്നത്. ഇവരുടെ മൃതദേഹം സംസ്കാരത്തിനായി എത്തിച്ചപ്പോള്‍ നാട്ടുകാര്‍ എതിർക്കുകയായിരുന്നു. അന്നമ്മയുടെ മക്കളായ ഏലിയാമ്മയും ഷേർളിയും ഇടവക വികാരിയെ സമീപിച്ചെങ്കിലും പരിഹാരമായില്ല.ഇതിനിടെ നാട്ടുകാരില്‍ ഒരാള്‍ സംസ്കാരം നടത്തുന്നതിനെതിരെ കോടതിയെ സമീപിച്ചതിനാല്‍ തങ്ങള്‍ നിസഹായരാണെന്നാണ് പള്ളി അധികൃതരുടെ മറുപടി.

പ്രതിസന്ധിയെ തുടർന്ന് സമീപത്തുള്ള മാര്‍ത്തോമസഭയുടെ മറ്റൊരു സെമിത്തേരിയെ സമീപിച്ചെങ്കിലും അവിടെയും അനുവാദം കിട്ടിയില്ല. പ്രശ്നം എത്രയും വേഗം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്നമ്മയുടെ മക്കളും ബന്ധുക്കളും കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.