‘ബ്രാഹ്മണ വിരുദ്ധ പോസ്റ്റ്’: മുംബൈയിൽ ഡോക്ടർ അറസ്റ്റിൽ

single-img
16 May 2019

ബ്രാഹ്മണരുടെ വികാരങ്ങളെ ഹനിക്കുന്ന രീതിയിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിന് മുംബൈയിൽ ഡോക്ടർ അറസ്റ്റിൽ. ഹോമിയോപ്പതി ഡോക്ടറായ സുനിൽ കുമാർ (38) ഫെയ്സ്ബുക്കിൽ നിരവധി ബ്രാഹ്മണവിരുദ്ധ-ഹിന്ദുവിരുദ്ധ പോസ്റ്റുകളിട്ടു എന്നാണ് പരാതി.

മുംബൈയിലെ വിഖ്രോളി സ്വദേശിയായ സാമൂഹ്യ പ്രവർത്തകൻ രവീന്ദ്ര തിവാരി നൽകിയ പരാതിയിന്മേലാണ് വിഖ്രോളി പൊലീസ് സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. തന്റെ അയൽക്കാരനായ സുനിൽകുമാർ നിരന്ത്രം ബ്രാഹ്മണർക്കെതിരെയും ഹിന്ദുക്കൾക്കെതിരെയും പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് നിയമപരമായി നീങ്ങുവാൻ തീരുമാനിച്ചതെന്ന് രവീന്ദ്ര തിവാരി പറയുന്നു. സുനിൽകുമാറിനെതിരെ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമം 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്.


പിന്നോക്ക-ന്യൂ‍നപക്ഷ ജീവനക്കാരുടെ സംഘടനയായ ബാംസെഫിലെ അംഗമാണ് സുനിൽകുമാർ. ബിജെപിയെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും നിരന്തരം വിമർശിക്കുന്ന സുനിൽകുമാറിന്റെ ഫെയ്സ്ബുക്ക് ടൈംലൈനിൽ അത്തരം പോസ്റ്റുകളാണ് കൂടുതലായി ഉള്ളത്. മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂറിനെയും അദ്ദേഹം പോസ്റ്റുകളിലൂടെ വിമർശിച്ചിട്ടുണ്ട്.