Latest News

ബംഗാളിലെ വിലക്ക് മോദി മടങ്ങിയ ശേഷം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം

പശ്ചിമബംഗാളിലെ അക്രമ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ലോക്‌സഭ തെരഞ്ഞെടുപ്പു പ്രചാരണം ഒരു ദിവസം മുമ്പേ അവസാനിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മമതക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കൈയിലെ പാവയായിരിക്കുകയാണെന്നും സുതാര്യതയില്‍ സംശയമുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചു. കമ്മീഷന്റെ നടപടി ഭരണഘടനയോടുള്ള പൊറുക്കാനാകാത്ത വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിക്കും അമിത്ഷാക്കുമെതിരെ നല്‍കിയ പരാതികളില്‍ കമ്മീഷന്‍ ഒരു നടപടിയും എടുത്തിട്ടില്ല. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ നാണംകെട്ട പതനമാണിതെന്നും സുര്‍ജേവാല ആരോപിച്ചു.

മമതക്ക് ശക്തമായ പിന്തുണയുമായി ബി.എസ്.പി അധ്യക്ഷ മായാവതിയും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും മറ്റ് ബി.ജെ.പി നേതാക്കളും ബംഗാള്‍ മുഖ്യമന്ത്രിയെ അപകടകരമാം വിധം അവമതിക്കുകയും ആസൂത്രിതമായി ലക്ഷ്യമിടുകയും ചെയ്യുന്നുവെന്ന് മായാവതി വിമര്‍ശിച്ചു. ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് യോജിച്ച പ്രവൃത്തിയല്ലെന്നും മായാവതി തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് കമീഷന്‍ ഇന്ന് രാത്രി പത്തു മുതല്‍ പശ്ചിമ ബംഗാളില്‍ പ്രചാരണം നിരോധിച്ചിരിക്കുന്നു. കാരണം ഇന്ന് പ്രധാനമന്ത്രിയുടെ രണ്ട് റാലികള്‍ ബംഗാളിലുണ്ട്. എന്തുകൊണ്ട് ഇന്ന് രാവിലെ മുതല്‍ പ്രചാരണം നിരോധിച്ചില്ല ഇത് നീതിയുക്തമല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.

പ്രധാനമന്ത്രി മോദി, അമിത് ഷാ, മറ്റ് നേതാക്കള്‍ എന്നിവര്‍ മമതാ ബാനര്‍ജിയെ ലക്ഷ്യമിടുന്നുവെന്നത് വ്യക്തമാണ്. ഇത് ആസൂത്രിതമായ നീക്കമാണ്. വളരെ അപകടകരവും അന്യായവുമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് യോജിച്ച പ്രവൃത്തിയല്ല മായാവതി വ്യക്തമാക്കി.