ഗെയിം ഓഫ് ത്രോൺസ് സീസൺ എട്ട് ഒന്നുകൂടി ചിത്രീകരിക്കണം; അണിയറക്കാർക്ക് ലക്ഷക്കണക്കിന് ആരാധകർ ഒപ്പിട്ട നിവേദനം

single-img
16 May 2019

കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഫാൻ്റസി സീരീസായ ഗെയിം ഓഫ് ത്രോൺസ് അവാസാന എപ്പിസോഡുകളിൽ എത്തി നിൽക്കേ, പരമ്പരയ്ക് എതിരെ ആരാധകർ രംഗത്ത്. പരമ്പരയുടെ നിലവിൽ നടന്നു വരുന്ന സീസൺ അഥവാ അവസാന സീസൺ ഒന്നു കൂടി ചിത്രീകരിക്കണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ലക്ഷക്കണക്കിന് ആരാധകർ ഒപ്പിട്ട ഓൺലെെൻ നിവേദനവും ഇവർ തയ്യാറാക്കിക്കഴിഞ്ഞു.

ഈ സീസണിൽ പ്രക്ഷേപണം ചെയ്ത നിലവിലെ അവസാന എപ്പിസോഡായ `ദ ബെൽസി´ൽ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ഡാനീറിസ് ടർഗേറിയൻ്റെ `ഭ്രന്താ´ണ് ആരാധകരെ കോപത്തിലാഴ്ത്തിയത്. ഈ എപ്പിസോഡിൽ കഥാപാത്രം നിരപരാധികളെ ചുട്ടെരിക്കുന്ന രംഗങ്ങൾ അതിക്രൂരമാണെന്നും പരമ്പര തുടർന്നുവന്ന രംഗങ്ങൾക്ക് ചേരാത്തതാണെന്നും ആരാധകർ പറയുന്നു.

സാധാരണക്കാരെ എപ്പോഴും സഹായിച്ചിട്ടുള്ള ഡാനി എന്ന കഥാപാത്രം കഥയിലെ നെഗറ്റീവ് കഥാപാത്രമായ സെർസി ലാനിസ്റ്റർനെ തോൽപ്പിക്കാൻ മാത്രം ഒരു നഗരത്തെ മുഴുവൻ ചുട്ടെരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ പറയുന്നു. കോടിടക്കണക്കിന് ആരാധകരുടെ മനസ്സിൽ നിലനിൽക്കുന്ന പരമ്പര ഇത്തരത്തിലുള്ള ഒരു അവസാനമല്ല അർഹിക്കുന്നതെന്നും ആരാധകർ പറയുന്നു.

പരമ്പരയുടെ എക്സിക്യൂട്ടീവ് നിർമ്മാതാക്കളായ ഡേവിഡ് ബെനിയോഫ്,  ഡി. ബി. വെയ്സ് എന്നിവരോടാണ് ആരാധർ  ഓൺലെെൻ നിവേദനം വഴി അവസാന സീസൺ വീണ്ടും ചിത്രീകരിക്കണമെന്ന് ആവശ്യപ്പെടുന്നത്. ആരാധകരുടെ ആവശ്യത്തോട് അവർ ഇതുവരയും പ്രതികരിച്ചിട്ടില്ല.

അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയെ ആസ്പദമാക്കി എച്ച് ബി ഒ നിർമിച്ച ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരനിരയാണ് ഗെയിം ഓഫ് ത്രോൺസിൽ ഉള്ളത്. പരമ്പരയുടെ മൂന്നാം സീസണിൽ 257 അഭിനേതാക്കൾ പങ്കെടുത്തത് റിക്കാർഡാണ്. പരമ്പരയ്ക്കായി 2014-ൽ നിരവധി നടീ നടന്മാരുടെ കരാറുകൾ പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു.