കാസര്‍ഗോഡ് കല്യാശ്ശേരിയിലെ ബൂത്തുകളില്‍ ഞായറാഴ്ച റീപ്പോളിംഗ് നടന്നേക്കും

single-img
16 May 2019

കാസര്‍ഗോഡ് കല്യാശ്ശേരിയിലെ കള്ളവോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബൂത്തുകളില്‍ റീപോളിംഗിന് സാധ്യത. ഞായറാഴ്ച റീപ്പോളിംഗ് നടന്നേക്കുമെന്നാണ് വിവരം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തേക്കും.

ഇന്ന് ഉച്ചയോടെ ഇക്കാര്യത്തില്‍ തീരുമാനം വരുമെന്നാണ് സൂചന. കല്യാശ്ശേരിയിലെ പിലാത്തറയിലെ 19, 69,70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48 ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് നടക്കുക. ഇവിടെ കള്ളവോട്ട് നടന്നതായി പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിരുന്നു. കോണ്‍ഗ്രസായിരുന്നു ഇക്കാര്യത്തില്‍ ആദ്യ പരാതി നല്‍കിയത്.

സിസിടിവി ക്യാമറാ ദൃശ്യങ്ങളോടൊപ്പമായിരുന്നു പരാതി. ദൃശ്യങ്ങള്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംഭവം സ്ഥിരീകരിക്കുകയായിരുന്നു.കല്യാശ്ശേരിയിലെ 19 ാം നമ്പര്‍ ബൂത്തില്‍ 88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 69, 70 ബൂത്തുകളില്‍ 79 ശതമാന വീതവും പയ്യന്നൂരിലെ 48 ാം നമ്പര്‍ ബൂത്തില്‍ ബൂത്തില്‍ 89.3 ശതമാനവും ആയിരുന്നു പോളിംഗ്. വോട്ടിംഗ് 90 ശതമാനത്തില്‍ അധികമായ എല്ലാ ബൂത്തുകളിലും റീ പോളിംഗ് വേണമെന്ന് കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞപ്പോള്‍ പരാതി ഉയര്‍ന്ന എല്ലാ ബൂത്തുകളിലും റീപോളിംഗ് വേണമെന്നാണ് സിപിഎമ്മി​ന്റെ പ്രതികരണം.