`കൊച്ചിൻ്റെ കരിഞ്ഞ മുഖമൊന്നു കാണിച്ചു കൊടുക്ക് സാറേ അവന്´: നാട്ടുകാരുടെ ശാപവർഷങ്ങൾക്കു മുന്നിൽ ചന്ദ്രൻ

single-img
16 May 2019

ആത്മഹത്യ ചെയ്ത ഭാര്യ ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ കാണാനെത്തിയ ചന്ദ്രന്റെ നേരെ ശാപവര്‍ഷങ്ങളുമായി നാട്ടുകാര്‍.നൂറോളം പൊലീസുകാരുടെ അകമ്പടിയില്‍ സ്വന്തം വീടിനു മുന്നിലെത്തിയ ചന്ദ്രന്‍ ഏറെ നിര്‍വികാരനായിട്ടാണു മകളുടെ മൃതദേഹത്തിന് സമീപമെത്തിയത്. ഇതോടെയാണ് നാട്ടുകാര്‍ കൂടുതല്‍ ക്ഷുഭിതരായത്.

‘കൊച്ചിന്റെ കരിഞ്ഞ മുഖമൊന്നു കാണിച്ചു കൊടുക്ക് സാറേ അവന്’ എന്ന് പറഞ്ഞായിരുന്നു ആളുകള്‍ ചന്ദ്രന് നേരെ ആക്രോശിച്ചത്. നിന്റെ കൊച്ചിന്റെ അവസ്ഥ കണ്ടോയെന്ന് ചോദിച്ച് ചന്ദ്രനടുത്തേക്ക് വന്ന ചിലരെ പൊലീസിന് പിടിച്ചു മാറ്റി.

തീ പിടിച്ചു മരിച്ചതിനാൽ ഇരുവരുടെയും ശരീരങ്ങള്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഇതു തുറന്ന് കുട്ടിയുടെ മുഖം കാണിച്ചുകൊടുക്കണമെന്ന് ചിലര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. ജനങ്ങൾ ഇളകുമെന്ന അവസ്ഥ വന്നതോടെ പൊലീസ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ചന്ദ്രനെ തിരികെ ജീപ്പില്‍ കയറ്റി സ്‌റ്റേഷനിലേക്ക് മാറ്റി.

വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. ചന്ദ്രന്‍ ഭാര്യയുടെ മൃതദേഹത്തിനടുത്തേക്കു പോയില്ല എന്നുള്ളതും നാട്ടുകാരുടെ ഇടയിൽ സംസാരവിഷയമായി.