Breaking News

ബംഗാളിലെ ‘അടി’യില്‍ ഐക്യം പിറക്കുന്നു; 2004 പ്ലാനുമായി സോണിയ: നിര്‍ണായക നീക്കത്തില്‍ അമ്പരന്ന് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ വന്നാല്‍ ബിജെപി വീണ്ടും സര്‍ക്കാരുണ്ടാക്കുന്നതു തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്‍കരുതല്‍ എടുക്കുന്നുവെന്ന സൂചനകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസ് ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചെങ്കിലും തൃണമൂല്‍, ബിഎസ്പി, എസ്പി പാര്‍ട്ടികളുടെ നിസ്സഹകരണം ഇതിന് വിലങ്ങു തടിയായി നിന്നിരുന്നു.

എന്നാല്‍ ബംഗാളിലെ സംഭവവികാസങ്ങള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങളില്‍ ഉടക്കിനിന്ന വിശാലപ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള സുവര്‍ണാവസരമായാണ് കോണ്‍ഗ്രസുള്‍പ്പടെയുള്ള പ്രധാനപാര്‍ട്ടികള്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ തൃണമൂലിനു പിന്തുണ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് ബദ്ധശത്രുവായ മമതയെ കുറ്റപ്പെടുത്താന്‍ തയാറായില്ല എന്നതും ശ്രദ്ധേയമാണ്. മോദിയും അമിത് ഷായും ചേര്‍ന്നു മമതയെ വേട്ടയാടുകയാണെന്ന് മായാവതിയും കുറ്റപ്പെടുത്തി.

ഇതിനിടയിലാണ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ നിര്‍ണായക നീക്കവുമായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തിയത്. യു.പി.എ ഘടകകക്ഷികള്‍ക്കു പുറമെ ടി.ആര്‍.എസിനെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെയും ബിജു ജനതാദളിനെയും ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് സോണിയ നടത്തുന്നത്. നവീന്‍ പട്‌നായിക്കുമായി ചര്‍ച്ച നടത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെ സോണിയ ചുമതലപ്പെടുത്തി.

തിരഞ്ഞടുപ്പ് ഫലം വരുന്ന മേയ് 23 ന് സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യതയുണ്ടെങ്കില്‍ ആ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് സോണിയ ഗാന്ധിയുടെ നീക്കം. 2004 ല്‍ യു.പി.എ രൂപീകരണത്തില്‍ നിര്‍ണായകമായിരുന്നു സോണിയയുടെ നീക്കങ്ങള്‍.

ചന്ദ്രശേഖര്‍ റാവുവിന്റെ മൂന്നാംമുന്നണി ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല. ബംഗാളില്‍ മുഖ്യശത്രുവായതിനാല്‍ ബി.ജെ.പിക്കൊപ്പം കൂട്ടുചേരാന്‍ മമതക്ക് കഴിയില്ല. ഫലം വരുന്ന മേയ് 23നോ 24 നോ പ്രതിപക്ഷ പാര്‍ട്ടി യോഗം ചേരാനാണ് കോണ്‍ഗ്രസ് നീക്കം. ഈ യോഗത്തില്‍ മൂന്നു പാര്‍ട്ടികളെയും പങ്കെടുപ്പിക്കാനാണ് സോണിയ ഗാന്ധി തന്നെ മുന്‍കൈയ്യെടുക്കുന്നത്.

അതേസമയം, വെവ്വേറെയാണു മല്‍സരിച്ചതെങ്കിലും വിധി വരും മുന്‍പ് കോണ്‍ഗ്രസ് എല്ലാ മതേതരപ്പാര്‍ട്ടികളെയും ഒന്നിച്ചു നിര്‍ത്തുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കോണ്‍ഗ്രസിന് വേണ്ടി ധാരണയുണ്ടായാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവുന്നത് നല്ലതാണ്. എന്നാല്‍ അത് കോണ്‍ഗ്രസിന് തന്നെ കിട്ടണമെന്ന് ഒരു വാശിയുമില്ല – ഗുലാം നബി ആസാദ് പറഞ്ഞു. ‘ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് നമ്മള്‍. പ്രചാരണത്തിനിറങ്ങിയ എനിക്ക് മനസ്സിലായത് എന്‍ഡിഎയോ ബിജെപിയോ അധികാരത്തിലെത്തില്ല എന്ന് തന്നെയാണ്. നരേന്ദ്രമോദി ഇനിയൊരു തവണ കൂടി പ്രധാനമന്ത്രിയാകില്ല. എന്‍ഡിഎ ബിജെപി വിരുദ്ധ സര്‍ക്കാര്‍ ഇനി അധികാരത്തില്‍ വരും’, ആസാദ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കേ പിടിവാശികളില്ലെന്ന സന്ദേശമാണ് കോണ്‍ഗ്രസ് ഇതിലൂടെ സഖ്യകക്ഷികള്‍ക്ക് നല്‍കുന്നത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ കൂടെക്കൂട്ടാതെ മത്സരിച്ച എസ്പി ബിഎസ്പി മഹാസഖ്യത്തിനും സഖ്യത്തിന് വിസമ്മതിച്ച ആം ആദ്മി പാര്‍ട്ടിക്കും ഉള്ള സന്ദേശമാണിത്.