വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടി; യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് സ്ത്രീയുടെ ഭര്‍ത്താവ്

single-img
16 May 2019

വിവാഹിതയായ സ്ത്രീയുടെ കൂടെ ഒളിച്ചോടിയതിന് യുവാവിന് മര്‍ദ്ദനം. സ്ത്രീയുടെ ഭര്‍ത്താവാണ് യുവാവിനെ തല്ലിച്ചതച്ചത്. മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് തല്ലുകയായിരുന്നു. മധ്യപ്രദേശിലെ ധറിലാണ് സംഭവം. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭോപാലില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള ധറിലെ അര്‍ജുന്‍ കോളനിയിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ മുകേഷ് എന്നയാളുടെ ഭാര്യക്കൊപ്പം ഒളിച്ചോടിയ യുവാവ് യുവതിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇരുവരും ഒളിച്ചോടിയതോടെ മുകേഷ് യുവാവിനെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കാമെന്ന് അറിയിച്ചു.

ഇതേതുടര്‍ന്ന് യുവാവും രണ്ട് ബന്ധുക്കളും മുകേഷിനെ കാണാനെത്തി. എന്നാല്‍ ചര്‍ച്ചക്ക് പകരം മുകേഷും സഹായികളും ചേര്‍ന്ന് മൂവരെയും മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് അടിക്കുകയായിരുന്നു. യുവാവിനൊപ്പം വന്നവരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമുണ്ടായിരുന്നു.

ഈ കുട്ടിയെയും കെട്ടിയിട്ട് മര്‍ദിച്ചു. നിരവധി നാട്ടുകാര്‍ സംഭവത്തിന് ദൃക്‌സാക്ഷികളാണ്. സംഭവത്തില്‍ വിവിധ വകുപ്പ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കും മര്‍ദനമേറ്റതിനാല്‍ പോക്‌സോ പ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ധര്‍ പൊലീസ് സൂപ്രണ്ട് സഞ്ജയ് മൂള്‍ പറഞ്ഞു.