ഗോഡ്സേ തീവ്രവാദിയെന്ന പ്രസ്താവന: കമലഹാസനു നേരേ ചെരുപ്പേറ്

single-img
16 May 2019

തമിഴ് സൂപ്പര്‍താരം കമല്‍ഹാസന് ഗോഡ്‌സേയ്ക്ക് എതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ചെരുപ്പേറ്. ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് ആക്രമണം. സംഭവത്തിൽ ബിജെപി പ്രവര്‍ത്തകരും ഹനുമാന്‍ സേനയിലെ അംഗങ്ങളും ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്.

കമല്‍ഹാസന്‍ ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇവര്‍ താരം നില്‍ക്കുന്ന സ്‌റ്റേജിലേക്ക് ചെരിപ്പുകള്‍ എറിയുകയായിരുന്നു. എന്നാല്‍ ചെരുപ്പേറ് താരത്തിന് കൊണ്ടില്ല.

മൂന്ന് ദിവസം മുമ്പായിരുന്നു ഗോഡ്‌സേയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന പ്രസ്താവന കമല്‍ നടത്തിയത്. ”സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒര ഹിന്ദുവാണ്. അത് ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സേയാണ്. അവിടെയാണ് ഇത് തുടങ്ങിയത്.” ഇങ്ങിനെയായിരുന്നു കമലിന്റെ വാക്കുകള്‍. പ്രസ്താവന വലിയ കോലാഹലമാണ് ഇളക്കി വിട്ടത്.

അരവാക്കുറിശ്ശിയിലെ പ്രചരണത്തിനിടയില്‍ താരം നടത്തിയ പ്രസ്താവനയില്‍ താന്‍ ഇത് പറയുന്നത് മുസ്‌ളീം ഭൂരിപക്ഷമുള്ള പ്രദേശം ആയതുകൊണ്ടല്ലെന്നും മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് ആണെന്നും പറഞ്ഞു.