ഹിന്ദു- മുസ്ലീം സാമുദായിക സംഘര്‍ഷത്തിനിടയിൽ ഹിന്ദു യുവതിക്ക് പേറ്റുനോവ്: കർഫ്യൂ ലംഘിച്ച് ജീവൻ പണയം വച്ച് യുവതിയുമായി ആശുപത്രിയിലേക്ക് പാഞ്ഞത് മുസ്ലീം യുവാവ്

single-img
16 May 2019

അസാമിലെ ഹൈലകണ്ടി നഗരത്തില്‍ സാമുദായിക സംഘർഷം രൂക്ഷമാണ്. രണ്ടുദിവസം മുമ്പ് ഇവിടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. മതത്തിൻ്റെ പേരിൽ പോരിൽ ഏർപ്പെടുന്ന ഹൈലകണ്ടി നഗരത്തില്‍ നിന്നും ഇപ്പോൾ കേൾക്കുന്നത് മതമെെത്രിയുടെ വാർത്തകളാണ്. പൂര്‍ണ ഗര്‍ഭിണിയായ ഹിന്ദു യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ മുസ്ലീമായ ഓട്ടോഡ്രൈവര്‍ നടത്തിയ സാഹസമാണ് നിലവിൽ വാർത്തകളിൽ നിറയുന്നത്.

വാഹനങ്ങള്‍പോലും നിരോധിച്ചുകൊണ്ടുള്ള കര്‍ഫ്യൂവാണ് ഹൈലകണ്ടിയില്‍ പ്രഖ്യാപിച്ചത്. പ്രസവത്തിന് മുന്‍പ് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനായി ഡ്രൈവര്‍ കര്‍ഫ്യൂ ലംഘിച്ചുകൊണ്ടാണ് വാഹനം ഇറക്കിയത്. പ്രദേശവാസിയായ നന്ദിതയ്ക്ക് പേറ്റുനോവ് ഉണ്ടായത്. ഭര്‍ത്താവ് റുബോണ്‍ ദാസ് ഭാര്യയെ എങ്ങിനെ ആശുപത്രിയിലെത്തിക്കുമെന്ന് വിഷമിച്ച് നില്‍ക്കുമ്പോഴാണ് സഹായവുമായി അയല്‍വാസി മഖ്ബൂല്‍ രംഗത്തിറങ്ങിയത്.

കർഫ്യൂ പ്രഖ്യാപിച്ചിരുന്നുവെങ്കിലും എന്തുവന്നാലും നന്ദിതയെ ആശുപത്രിയില്‍ എത്തിക്കുമെന്ന ഉറപ്പിലാണ് മഖ്ബൂല്‍ ഓട്ടോയില്‍ ഗർഭിണിയുമായി പായുകയായിരുന്നു.

മഖ്ബൂലിൻ്റെ സാഹസിക യാത്ര വാർത്തയായതോടെ അദ്ദേഹത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. മതത്തിന്റെ പേരില്‍ ആളുകള്‍ തമ്മില്‍ തല്ലുന്ന കാലത്ത് ഇത്തരം സംഭവങ്ങള്‍ മാതൃകാപരമെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടത്. കര്‍ഫ്യൂ ലംഘിച്ചെങ്കിലും മഖാബൂലിന് പൊലീസില്‍ നിന്നും പ്രശംസ എത്തിയിരുന്നു.

നന്ദിതയെ സമയത്തിന് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത് മഖ്ബൂലിന്റെ ധീരതയും മനുഷ്യത്വവും കൊണ്ട് മാത്രമാണെന്ന് പിന്നീട് ഇവരെ സന്ദര്‍ശിച്ച ജില്ല പൊലീസ് സൂപ്രണ്ട് മോഹനീഷ് മിശ്ര പറഞ്ഞു. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സ്‌നേഹത്തോടെ കഴിയുന്ന ഇത്തരം കഥകളാണ് നാട് കേള്‍ക്കേണ്ടതെന്ന് ഇദ്ദേഹം വ്യക്തമാക്കി.