21 കാരന്‍ കാമുകിക്കെതിരെ കേസുമായി രംഗത്ത്; ഹോമിയോപതി പരീക്ഷയില്‍ തോറ്റത് കാമുകി കാരണം; നഷ്ടപരിഹാരം വേണം

single-img
16 May 2019

ഔറംഗബാദിലാണ് കാമുകന്‍ കാമുകിക്കെതിരെ വിചിത്രമായ കേസുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഒടുവില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കാമുകനെതിരെ പൊലീസ് ക്രിമിനല്‍ കേസുമെടുത്താണ് വിട്ടയച്ചത്. സംഭവം ഇങ്ങനെ:

ഹോമിയോപതി ആദ്യ വര്‍ഷ വിദ്യാര്‍ഥിയാണ് 21 കാരനായ കാമുകന്‍. റിസള്‍ട്ട് വന്നപ്പോള്‍ യുവാവ് തോറ്റു. ഇതോടെ നാലുവര്‍ഷത്തെ കോഴ്‌സ് ആദ്യവര്‍ഷം തന്നെ കാമുകന് നിര്‍ത്തേണ്ട അവസ്ഥയിലായി. തുടര്‍ന്നാണ് കാമുകി നിരന്തരം ശല്യപെടുത്തിയതാണ് തന്റെ പരാജയകാരണമെന്നും അതിന് പകരമായി പെണ്‍കുട്ടി ഫീസ് അടയ്ക്കണമെന്നും ആവശ്യപ്പെട്ട് കാമുകന്‍ രംഗത്തെത്തിയത്.

എന്നാല്‍ കാമുകന്റെ ആവശ്യം പെണ്‍കുട്ടി നിരസിക്കുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടി ബന്ധം അവസാനിപ്പിച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ മോശമായി പ്രചരിപ്പിച്ചു. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി വീട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു. ഇതോടെ കാമുകനെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തു.